
തിരുവനന്തപുരം: ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡിന്റെ തീരുമാനം നാളെ ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ചുമതല ഏറ്റെടുക്കും.
ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു. സമിതിയുമായി ചർച്ച നടത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അവരുടെ ശുപാർശ ബോർഡ് യോഗത്തിൽ അവതരിപ്പിച്ചു.അംഗങ്ങളായ കെ രാജു, പി.ഡി സന്തോഷ് കുമാർ എന്നിവർ ഇത് അംഗീകരിച്ചു.
അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരടങ്ങിയ സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്നാണ് തന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്. ഊഴം അനുസരിച്ച് ചിങ്ങം ഒന്ന് മുതൽ രാജീവരരാണ് താന്ത്രിക ചുമതലകൾ നിർവഹിക്കേണ്ടിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |