SignIn
Kerala Kaumudi Online
Monday, 22 June 2026 4.33 AM IST

പ്രാർത്ഥനാ കേന്ദ്രത്തിലെ പീഡനം പ്രാർത്ഥന തടഞ്ഞ് ബി.ജെ.പി, സംഘർഷം

bjp

ഇലവുംതിട്ട (പത്തനംതിട്ട): കുട്ടികളെ ഉപദ്രവിച്ച പാസ്റ്ററെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ഓമല്ലൂർ ഊന്നുകല്ല് വെട്ടോലിമലയിലെ എലോഹിം വർഷിപ് സെന്ററിലേക്കായിരുന്നു മാർച്ച്. പ്രാർത്ഥനാകേന്ദ്രത്തിന്റെ ഉടമ പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ അറസ്റ്റാവശ്യപ്പെട്ടായിരുന്നു മാർച്ച്.

വർഷിപ്പ് സെന്ററിൽ താമസിച്ച് പഠിച്ചിരുന്ന ഇടുക്കി അമ്പലമേട് സ്വദേശിയായ പതിനേഴുകാരനെയും എരുമേലി സ്വദേശിയായ പതിനഞ്ചുകാരനെയും ഉടമ മർദ്ദിച്ചെന്നാണ് പരാതി. ഇതേത്തുടർന്നാണ് ബി.ജെ.പി ഓമല്ലൂർ പഞ്ചായത്ത് കമ്മിറ്രിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ ഇന്നലെ രാവിലെ പ്രാർത്ഥനാ കേന്ദ്രം ഉപരോധിച്ചത്. പ്രാർത്ഥനയ്‌ക്കെത്തിയവരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ഇതോടെ വിശ്വാസികളും പ്രതിഷേധിച്ചു.

പത്തനംതിട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ഇരു വിഭാഗവും പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പാസ്റ്ററെ അറസ്റ്റുചെയ്യാതെ പിൻമാറില്ലെന്ന് ബി.ജെ.പി പ്രവർത്തകരും പ്രാർത്ഥിക്കാതെ പോകില്ലെന്ന് വിശ്വാസികളും നിലപാടെടുത്തു. തുടർന്ന് പൊലീസ് സംരക്ഷണയിൽ വിശ്വാസികളെ പ്രാർത്ഥനാ ഹാളിലേക്ക് കടത്തിവിട്ടു. ഈ സമയം പാസ്റ്റർ ബിനു സ്ഥലത്തില്ലായിരുന്നു.

 പ്രതിഷേധം ജില്ലാ നേതൃത്വം അറിയാതെ

ഏതാനും ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു. വിശ്വാസികളെ തടഞ്ഞത് വിവാദമായതോടെ സമരം അവസാനിപ്പിക്കാൻ ബി.ജെ.പി ജില്ലാ നേതൃത്വവും നിർദ്ദേശിച്ചു. ജില്ലാ നേതൃത്വത്തോട് ആലോചിക്കാതെയാണ് പ്രാദേശിക നേതൃത്വം പ്രതിഷേധിച്ചതെന്നും പറയപ്പെടുന്നു. കുട്ടികളെ മർദ്ദിച്ചതിന് സെന്ററിലെ മൂന്ന് ജീവനക്കാരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

'ഗ്രാമപഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് കല്യാണ മണ്ഡപത്തെ പാസ്റ്റർ ബിനു പ്രാർത്ഥനാ ഹാളാക്കിയത്. ഇതിന് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. കെട്ടിട ഉടമ പഞ്ചായത്തിൽ പരാതി നൽകി. തുടർന്ന് ഒഴിയാൻ പാസ്റ്റർക്ക് നോട്ടീസും നൽകി".

- ആതിര വി. നായർ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA