
ആലപ്പുഴ:ലഹരി ഇടപാടുകാർക്കായി രാഷ്ട്രീയക്കർ വക്കാലത്തുമായി പൊലീസ് സ്റ്റേഷനിൽ ചെല്ലരുതെന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിൽ ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസികളിലെ ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും ലഹരി കടത്തിന്റെ ഭാഗമാകാറുണ്ടെന്ന് കണ്ടെത്തിട്ടുണ്ടെന്നും ഇവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.തൂഫാന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനമായ 26ന് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലലും ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ എ.ഡി.ജിപിക്കെതിരായ നടപടിയെപ്പറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വന്നശേഷമേ പറയാനാകൂവെന്നും ഗൺമാൻമാരുടെ മുൻകൂർ ജാമ്യത്തിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ ഒരു ഗവ.മെഡിക്കൽ കോളേജ് കൂടി വരുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വണ്ടാനം മെഡിക്കൽ കോളേജിനെ വിപുലപ്പെടുത്തുന്നതിനൊപ്പം കരുവാറ്റയിലും മെഡിക്കൽ കോളേജ് തുടങ്ങാനാണ് ശ്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ജി.സുധാകരൻ മുമ്പ് തന്നെ ഇതിനെതിരായ നിലപാടുള്ള ആളായിരുന്നെന്നും അദ്ദേഹത്തിന്റെ ഏത് ആവശ്യവും മുന്നണിയും കോൺഗ്രസും പരിഗണിക്കും.കരുവാറ്റ മെഡിക്കൽ കോളേജിന്റെ പേരിൽ തനിക്കെതിരെ രണ്ട് വിജിലൻസ് അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തി.
കയറും ടൂറിസവുമുൾപ്പെടെ പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് വലിയ പരിഗണനയാണ് ബഡ്ജറ്റിലുള്ളത്.ഇടക്കാല ബഡ്ജറ്റായതിന്റെ ചില പരിമിതികളുണ്ടെങ്കിലും പോരായ്മകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.കരിമണൽ ഖനനം പൊതുമേഖലയിൽ വേണമെന്ന നയത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |