SignIn
Kerala Kaumudi Online
Friday, 19 June 2026 3.08 PM IST

കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

v-d-satheesan

തിരുവനന്തപുരം: ബഡ്‌ജറ്റിൽ മലയാളസിനിമയുടെ സമഗ്രവികസനം യാഥാർത്ഥ്യമാക്കുന്നതിനുള്ള പദ്ധതികളുമായി യുഡിഎഫ് സർക്കാർ. കൊച്ചിയിൽ ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. ഇതിനായി ബഡ്‌ജറ്റിൽ 100 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ ഒരു വേദിയെന്ന ലക്ഷ്യവും വികസന പദ്ധതികളുടെ ഭാഗമാകുന്നു. സിനിമയ്‌ക്ക് വ്യാവസായിക പദവി നൽകൽ, ആന്റി പൈറസി സെൽ രൂപീകരിക്കൽ തുടങ്ങിയവയ്‌ക്കുള്ള പദ്ധതികളും ബഡ്‌ജറ്റിൽ മുന്നോട്ട് വച്ചു. സംസ്ഥാനത്തെ ചലച്ചിത്ര മേഖലയിൽ ദേശീയ അന്തർദേശീയ സാഹചര്യമൊരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ തനത് കലാസാംസ്‌കാരിക മേഖലയെ വളർത്തുന്നതിനും ബഡ്‌ജറ്റ് മുൻഗണന നൽകും. വിവിധ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനായി എം ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ജില്ലയിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടെ കഥകളി, കൂത്ത്, തെയ്യം, തുള്ളൽ, ഒപ്പന, മാപ്പിളപ്പാട്ട്, മാഗംകളി, വിവിധ ഗോത്രകലാരൂപങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുപുറമെ ലൈബ്രറി, തിയറ്റർ, ആർട്ട് ഗാലറി, ചരിത്ര-സാഹിത്യ ഭാഷാ മ്യൂസിയം, വിശ്രമ വേളകൾ ആനന്ദകരമാക്കാനുള്ള ഇടങ്ങൾ, ഫുഡ്‌കോർട്ടുകൾ, പുസ്‌തകശാലകൾ തുടങ്ങിയവയും കൾച്ചറൽ പാർക്കിൽ ഉൾപ്പെടുത്തും. ഇതിനെല്ലാമായി 50 കോടി രൂപയാണ് ബഡ്‌ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇവയ്‌ക്കുപുറമെ ആർട്ടിസ്‌റ്റ് നമ്പൂതിരി, നടൻ സലിം കുമാർ എന്നിവരുടെ സ്‌മരണയ്‌ക്കായുള്ള സ്‌മാരകങ്ങൾ പണിയുന്നതിനായി ഒരു കോടി രൂപ വീതം ബഡ്‌ജറ്റിൽ വകയിരുത്തി. നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിൽ കൾച്ചറൽ ട്രസ്റ്റ് ആന്റ് മ്യൂസിയം സ്ഥാപിക്കുന്നത്. സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററിന്റെ സ്‌മരണയ്‌ക്കായി തൃശൂരിൽ പുതിയ മ്യൂസിക് അക്കാദമിയും സ്ഥാപിക്കുന്നുണ്ട്. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തുമെന്നാണ് വിഡി സതീശൻ ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ ഉറപ്പ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDJET, CINEMA, ART, VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA