
ഓരോ ഇടപാടിനും 20 ലക്ഷം വരെ ലാഭം
കൊച്ചി: അവയവദാനത്തിന്റെ മറവിൽ കാസർകോട് സ്വദേശികൾ 2021നും 2026നും ഇടയിൽ വൻ അവയവക്കച്ചവടം നടത്തിയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വിനിയോഗിച്ചതായി കണ്ടെത്തിയതോടെ, ഈ ഇടനിലക്കാരുടെ ഉൾപ്പെടെ അക്കൗണ്ട് മരവിപ്പിച്ചു.
അഞ്ച് മുതൽ 15 ലക്ഷം വരെ നൽകി സാധാരണക്കാരിൽ നിന്ന് വാങ്ങുന്ന അവയവങ്ങൾ 20 മുതൽ 35 ലക്ഷം വരെ വാങ്ങിയായിരുന്നു വിൽപ്പന. കാസർകോട് സ്വദേശികളും പ്രധാന ഇടനിലക്കാരുമായ മുഹമ്മദ് നജീബ്, എ.എ.റഷീദ് എന്നിവരുടെ കല്ലട്രാസ് മെഡിക്കൽ ടൂറിസം ലിമിറ്റഡ് ഉൾപ്പെടെ മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടത്തുന്ന കച്ചവടത്തിന്റെ തെളിവും ലഭിച്ചു.
കൊച്ചിയിലെ മൂന്നെണ്ണം ഉൾപ്പെടെ അഞ്ച് ആശുപത്രികൾ, ഇടനിലക്കാർ, സബ് ഏജന്റുമാർ എന്നിവരുടെ ഒമ്പത് കേന്ദ്രങ്ങളിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ വ്യാജരേഖകൾ, ഡിജിറ്റൽ തെളിവുകൾ, ആശുപത്രികളുടെ ഉൾപ്പെടെ പണമിടപാടുകൾ എന്നിവയുടെ വിവരവും പിടിച്ചെടുത്തു.
അനുമതിക്കായി ജില്ലാതല സമിതിക്ക് സമർപ്പിച്ച ദാതാക്കൾ, സ്വീകർത്താക്കൾ എന്നിവരുടെ വിവരങ്ങളും ആശുപത്രികൾ നടത്തിയ ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ആശുപത്രികളോട് കൂടുതൽ രേഖകൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം തുടരുകയാണെന്ന് ഇ.ഡിയുടെ കൊച്ചി ഓഫീസ് അറിയിച്ചു. വിഷയത്തിൽ പൊലീസും കേസെടുത്തിട്ടുണ്ട്. ഇടനിലക്കാരുടെ ആസ്തിവിവരം കണ്ടെത്താനും, അക്കൗണ്ടിൽ എവിടെ നിന്നെല്ലാം പണമെത്തി, ആർക്കൊക്കെ കൈമാറി തുടങ്ങിയ വിവരങ്ങളും ശേഖരിച്ചുവരികയാണ്.
എല്ലാം വ്യാജരേഖയുടെ പിൻബലത്തിൽ
അവയവ കൈമാറ്റത്തിന് സർക്കാർ അനുമതിക്കായി വൻതോതിൽ വ്യാജരേഖ സൃഷ്ടിച്ചു. പൊലീസ് രേഖകൾ, എം.എൽ.എമാരുടെയും എം.പിമാരുടെയും കത്തുകൾ, ആധാർ, റേഷൻ കാർഡുകൾ, മറ്റ് രേഖകൾ എന്നിവ വ്യാജമായി തയ്യാറാക്കി. എറണാകുളം പള്ളിക്കരയിലെ സൺ കമ്മ്യൂണിക്കേഷൻസ് ഡി.ടി.പി സെന്റർ, എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു വ്യാജരേഖാ നിർമ്മാണം. ഇവ പ്രമുഖ ആശുപത്രികൾക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |