SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.28 AM IST

സ്റ്റാർട്ടപ്പുകളും വ്യവസായ പ്രൊജക്ടുകളും:  'ഹലാൽ ഫായിദ'യുമായി സി.പി.എം വീണ്ടും

1

ഇസ്ലാമിക് ബാങ്ക് സഹ. സംഘം പ്രവർത്തന സജ്ജമാകുന്നു

കണ്ണൂർ: പുതിയ വ്യവസായ സംരംഭങ്ങളിലേക്കും സ്റ്റാർട്ടപ്പുകളിലേക്കും വീണ്ടും കടക്കാൻ സി.പി.എം ഇസ്ലാമിക് ബാങ്ക് ഹലാൽ ഫായിദ സഹകരണ സംഘം. കണ്ണൂരിൽ സി.പി.എം. നേതൃത്വത്തിൽ ഒൻപതു വർഷം മുൻപ് പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് രീതിയിൽ തുടങ്ങിയ സംഘത്തിന്റെ ഓഹരിയുടമകളുടെ പൊതുയോഗത്തിലാണ് തീരുമാനം. ഓഹരി ഉടമകളിൽ ആർക്കെങ്കിലും നിക്ഷേപത്തുക തിരിച്ചു വേണോയെന്ന് യോഗത്തിൽ ആരാഞ്ഞു.

സംഘം തുറന്നു പ്രവർത്തിക്കണമെന്നാണ് അവരുടെ നിലപാട്. പുതിയ പദ്ധതികൾ അടുത്ത ജനറൽബോഡി ചർച്ച ചെയ്യും. വ്യാപാര, നിർമ്മാണ മേഖലകളിലേക്ക് കടക്കാനാണ് ആലോചന. 2017 നവംബർ 13ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംഘത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിക്ഷേപം തിരികെ ലഭിച്ചില്ലെന്ന് ടി.കെ.ഗോവിന്ദൻ എം.എൽ.എ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകിയ നിക്ഷേപകന് പണം തിരികെ നൽകി.

ഇനി പൊതുജനങ്ങളിൽ നിന്ന് ഓഹരി സമാഹരിക്കില്ല.പദ്ധതികളിൽ താത്പര്യമുള്ളവരിൽ നിന്ന് മാത്രം പണം സ്വീകരിക്കും. സംഘത്തിലെ ക്രമക്കേട് ആരോപണത്തിൽ കെ.സുധാകരൻ എം.പി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സ്ഥാപനത്തിൻ്റെ പ്രധാന ലക്ഷ്യമായി പറഞ്ഞ മാംസ വ്യവസായ പദ്ധതി യാഥാർത്ഥ്യമായില്ല. 2022 വരെയുള്ള ഓഡിറ്റാണ് പൂർത്തിയായത്. തുടർ വർഷങ്ങളിലെ ഓഡിറ്റിനായി സഹകരണ വകുപ്പിന് അപേക്ഷ നൽകി. അടഞ്ഞു കിടക്കുന്ന ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കും. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഉടൻ പുതിയ ജീവനക്കാരെ നിയമിക്കും. സി.അബ്ദുൾ കരീമിനെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.


 പലിശരഹിത വായ്പ നൽകും

പലിശ സ്വീകരിക്കുകയോ നൽകുകയോ ചെയ്യില്ല. അംഗങ്ങളുടെ ഓഹരികൾ വ്യാപാരത്തിലും നിർമ്മാണത്തിലും മുടക്കി ലാഭം പങ്കിടും. ഏതാനും വർഷത്തെ ലാഭത്തിന് ശേഷം സംരംഭകർക്ക് പലിശ രഹിത വായ്പ നൽകാനും പദ്ധതിയുണ്ട്. സംരംഭം ലാഭത്തിലായാലാണ് വിഹിതം കിട്ടുക. ഇസ്ലാമിക് ബാങ്കിംഗിലെ പൊതു തത്വമനുസരിച്ച് നഷ്ടമുണ്ടായാൽ അതും നിക്ഷേപകർ സഹിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA