
ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൽപ്പറ്റ: വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെത്തിയ കേസിൽ കുരുക്ക് മുറുകിയതോടെ, വീട് ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലിക്കുട്ടിയുടെ പേരിലാണെന്ന് പ്രതിഭാഗം. ഇക്കാര്യം സ്ഥാപിക്കാൻ ശ്രമിച്ചാൽ ഭാര്യാ മാതാവും കൂട്ടുപ്രതിയായേക്കും.
അഭിഭാഷകൻ ജാമ്യാപേക്ഷ വേളയിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും എക്സൈസ് സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏഷ്യൻ മോട്ടോഴ്സെന്ന കമ്പനിയുടെ പേരിൽ ട്രക്കുകൾ വാങ്ങാൻ എസ്.ബി.ഐയിൽ നിന്ന് 13.57 കോടി വായ്പയെടുത്തത് വഴി നടന്ന തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോഴാണ് 2022 ജൂണിൽ 36.25 സെന്റ് സ്ഥലവും വീടും ലേലത്തിൽ വച്ചത്. മൂന്ന് നിലയുളള വീട് എസ്.ബി.ഐ ജപ്തി ചെയ്തപ്പോൾ, ഭാര്യാ മാതാവ് ലില്ലിക്കുട്ടിയുടെ പേരിലാക്കി തിരിച്ചുപിടിച്ചു. എക്സൈസ് സംഘം ഇത് ബിനാമി ഇടപാടാകാമെന്ന് സംശയിക്കുന്നു. ഇവർ ആരംഭിക്കാനിരുന്ന മാംഗോ ഫോൺ കമ്പനിയാണ് എസ്.ബി.ഐയിൽ രണ്ട് കോടി അടച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മദ്യം പിടിച്ചപ്പോൾ ,തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. കഴിഞ്ഞ മാസം കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫീസിൽ നൽകിയ മൊഴിയിൽ വാഴവറ്റയിലെ ഈ വീടിന്റെ വിലാസമാണ് ആന്റോ അഗസ്റ്റിൻ നൽകിയതെന്നറിയുന്നു.
മുട്ടിൽ മരംമുറി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: മുട്ടിൽ മരംമുറിക്കേസിലെ വിചാരണ നടപടികൾക്കെതിരെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. വയനാട് സുൽത്താൻ ബത്തേരിയിലെ മരംമുറി കേസുകളിൽ തീർപ്പാകും വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |