SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.03 AM IST

സമൂഹത്തെ മോചിപ്പിക്കാൻ ഗുരുദേവൻ ജീവിതം സമരമാക്കി:മന്ത്രി ടി.സിദ്ദിഖ്

1
1

ശിവഗിരി: മാനവസമൂഹത്തിന് മോചനം നൽകാൻ സ്വജീവിതത്തെ സമരോന്മുഖമാക്കിയ മഹാത്മാവാണ് ശ്രീനാരായണഗുരുദേവൻ എന്ന് മന്ത്രി ടി.സിദ്ധിഖ്. ഗുരുദർശനം ധന്യവത്താക്കാനുള്ള എല്ലാ പ്രവർത്തനങ്ങളിലും സർക്കാർ അതിന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സംഘടിപ്പിച്ച മഹാപരിനിർവ്വാണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കാലാതീതമായ ദർശനമാണ് മാനവ സമൂഹത്തിന് ഗുരു സമ്മാനിച്ചത്. മനുഷ്യരാശിക്ക് ജീവിക്കാൻ ആവശ്യമായ ചിന്തകളാണ് അദ്ദേഹം തന്നുപോയത്. അന്ധകാരത്തിന്റെ നീർച്ചുഴിയിലൂടെ കടന്നുപോയിട്ടുള്ള ഒരു സാമൂഹിക മണ്ഡലത്തെ ഉഴുതുമറിക്കാൻ ഗുരുദേവൻ നേതൃത്വം കൊടുത്തു. ഇന്നത്തെ മാനവികതയുടെ അടിത്തറ പാകി. ആ അടിത്തറയിൽ നിന്നാണ് ആധുനിക കേരളം ഉരുത്തിരിഞ്ഞത്.

തീണ്ടലും തൊട്ടുകൂടായ്മയും കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വിദ്യ അഭ്യസിക്കാൻ, വഴി നടക്കാൻ, ആരാധിക്കാൻ അവകാശമില്ലാത്ത കാലഘട്ടത്തിലായിരുന്നു ഗുരുവിന്റെ പോരാട്ടം. ദൈവത്തെ വിവേചനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. അരുവിപ്പുറത്തെ പ്രതിഷ്ഠയെ ചോദ്യം ചെയ്തവർക്ക് ഗുരു നൽകിയ മനോഹരമായ മറുപടിയായിരുന്നു , താൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെ ആണെന്നത്. എങ്ങനെയാണ് ഒരേ സമയം ശിവഭഗവാൻ വരേണ്യനും കീഴ്ജാതിക്കാരനുമായത്. അങ്ങനെ ആക്കിയതാണ്. എല്ലാ മതദർശനവും പഠിച്ച് അതെല്ലാം സാമൂഹിക തലത്തിലേക്ക് കൊണ്ടുപോകാൻ ഗുരുവിന് സാധിച്ചു. എല്ലാ മതങ്ങളുടെയും സാരാംശം അദ്ദേഹം ആർജ്ജിച്ചിരുന്നു.

ശിവഗിരിയിൽ വന്നില്ലെങ്കിൽ ഒരു പൊതു പ്രവർത്തകനും പൂർണ്ണനാവില്ലെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA