SignIn
Kerala Kaumudi Online
Thursday, 18 June 2026 3.36 AM IST

പകർച്ചവ്യാധിയുടെ പ്രതിരോധം

READ ENGLISH VERSION
viral-fever

മഴക്കാലത്തിന്റെ വരവോടെ പകർച്ചവ്യാധികളും കേരളത്തിൽ പടർന്നുപിടിക്കുന്നത് കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു സ്ഥിരം പതിവായി മാറിയിരിക്കുകയാണ്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി എന്നിവയ്ക്ക് പുറമെ നിപ കൂടി ഇത്തവണ വീണ്ടും കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ടത് ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്തുകൊണ്ട് കോഴിക്കോട്ട് വീണ്ടും നിപ വരുന്നു എന്നതിനെക്കുറിച്ച് ഒരു പ്രത്യേക ഗവേഷണ പഠനം തന്നെ ആരോഗ്യവകുപ്പ് നടത്തേണ്ടതാണ്. പകർച്ചവ്യാധി ബാധിതരുടെ എണ്ണം കുറയ്ക്കാനും മരണം പരമാവധി ഒഴിവാക്കാനും താഴേത്തട്ട് മുതൽ സ്വീകരിക്കേണ്ട നടപടികൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ- സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും സംഘടനകളെയും ഉൾപ്പെടുത്തി ഉന്നതാധികാര കമ്മിറ്റി സർക്കാർ രൂപീകരിച്ചിരിക്കുകയാണ്.

ഇക്കാര്യങ്ങളിൽ വിദേശ രാജ്യങ്ങൾ സ്വീകരിക്കുന്ന ആധുനിക മാർഗങ്ങളെക്കുറിച്ചും മുന്നൊരുക്കങ്ങളെ സംബന്ധിച്ചും തികഞ്ഞ പരിജ്ഞാനമുള്ള ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റ് കൂടിയായ ഡോ. എസ്.എസ്. ലാലാണ് സമിതിയുടെ ചെയർമാൻ. പലപ്പോഴും ഇത്തരം സമിതികൾ റിപ്പോർട്ട് സമർപ്പിക്കുമ്പോഴും പനിക്കാലം മാറിയിരിക്കും. അതോടെ ശുപാർശകൾ കോൾഡ് സ്റ്റോറേജിൽ വയ്ക്കുകയാണ് പതിവ്. അത് ഇത്തവണ ഉണ്ടാകരുത്. അതുപോലെ സമിതിയുടെ പ്രവർത്തനത്തിനു വേണ്ട സൗകര്യങ്ങൾ സർക്കാർ കാര്യം മുറപോലെ എന്ന രീതിയിലല്ലാതെ അടിയന്തരമായി ചെയ്തുകൊടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകണം. സർക്കാർ- സ്വകാര്യ ആശുപത്രികളുടെ ചുമതലയുള്ളവരും കമ്മിറ്റിയുമായി നല്ല രീതിയിൽ സഹകരിക്കണം. ഇത്തരം കമ്മിറ്റികളുടെ പഠനങ്ങൾക്കും ശുപാർശകൾക്കും വേണ്ടത്ര ശ്രദ്ധ നൽകി നടപ്പാക്കിയാൽ മാത്രമേ വർഷാവർഷം ആവർത്തിക്കുന്ന പകർച്ചവ്യാധികളിൽ നിന്ന് നമുക്ക് രക്ഷനേടാനാകൂ.

സംസ്ഥാനത്ത് ജനുവരി മുതൽ ജൂൺ 15 വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ച് മരണങ്ങളുണ്ടായി. രണ്ടെണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഒരെണ്ണം തൃശൂരുമാണ്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായത്. 74 എണ്ണം. ഇടുക്കിയിലും രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗി ഒഴികെ സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മറ്റാർക്കും പരിശോധനയിൽ രോഗം ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞത് ആശ്വാസകരമാണ്. നിപ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ സ്റ്റോക്കുണ്ടെന്നും അമിതമായ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ പ്രധാനമായും വെള്ളത്തിലൂടെയും വായുവിലൂടെയുമാണ് പകരുന്നത് എന്നതിനാൽ ആഹാരസാധനങ്ങളുടെ പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലമാണെന്നത് ജനങ്ങളും ഹോട്ടലുകാരും മറ്റും കർശനമായി ഉറപ്പാക്കേണ്ടതാണ്.

കുടിവെള്ളത്തിൽ മലിനജലം കലരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ആവശ്യമാണ്. കൊതുക്, എലിശല്യം തുടങ്ങിയവ ഒഴിവാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകരുതലുകൾ തുടർച്ചയായി സ്വീകരിക്കണം. വർഷങ്ങളായി ആരും വൃത്തിയാക്കാതെ കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങൾ നഗരങ്ങളിൽ പോലും കാണാനാവും. ഇവ പാമ്പുകളുടെയും പലതരം ജീവികളുടെയും മറ്റും സ്വൈരവിഹാര കേന്ദ്രങ്ങളാണ്. ഇത്തരം സ്ഥലങ്ങൾ വെട്ടിനിരത്തി ശരിയാക്കി അതിന് ചെലവാകുന്ന തുക വസ്തുഉടമയിൽ നിന്ന് ഈടാക്കാമെന്ന് അടുത്തിടെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജനങ്ങളും സർക്കാരും ഒരുപോലെ ജാഗ്രതയോടെ പ്രതിരോധിച്ചാൽ മാത്രമേ പകർച്ചവ്യാധി ഭീഷണി ഒഴിവാക്കാനാവൂ. മലിനമായ സാഹചര്യങ്ങൾ സംസ്ഥാനത്ത് കൂടി വരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് പകർച്ചവ്യാധിയുടെ വ്യാപനം. വിദേശത്തേക്കും തിരിച്ചും ഏറ്റവും കൂടുതൽ ആളുകൾ യാത്രചെയ്യുന്ന സംസ്ഥാനം കൂടി ആയതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ആരോഗ്യ സമീപനമാണ് കേരളം ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY