SignIn
Kerala Kaumudi Online
Monday, 22 June 2026 4.33 AM IST

ലോകായുക്തയുടെ പല്ലും നഖവും

s

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈയിടെ പുറപ്പെടുവിച്ച ഒരു പ്രസ്താവന വളരെ ശ്രദ്ധേയമായി. അതായത് ലോകായുക്തയെ വീണ്ടും ശക്തിപ്പെടുത്തുമെന്നായിരുന്നു ആ പ്രസ്താവനയുടെ പൊരുൾ. പൊതുപ്രവർത്തകരുടെ അഴിമതിയും ദുർഭരണവും അധികാര ദുർവിനിയോഗവും ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായ ഒരു സംവിധാനമായിട്ടാണ്, കേരള സർക്കാർ 1998ൽ ലോകായുക്ത ഓർഡിനൻസ് പുറപ്പെടുവിച്ചതും തത്ഫലമായി ലോകായുക്ത സംവിധാനം നിലവിൽ വന്നതും.

അഴിമതി ചെയ്യുന്ന പൊതുപ്രവർത്തകർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനും, അഴിമതി ചെയ്തുവെന്നുള്ള ആരോപണം തെളിഞ്ഞാൽ ആ പൊതുപ്രവർത്തകനെ അയാൾ വഹിക്കുന്ന പദവിയിൽ തുടരാൻ പാടില്ല എന്ന് പ്രഖ്യാപിക്കുവാനും ലോകായുക്തയ്ക്ക് അധികാരം നൽകിക്കൊണ്ടായിരുന്നു ലോകായുക്ത ആക്ട് പ്രാബല്യത്തിൽ വന്നത്. ലോകായുക്ത നിയമപ്രകാരം അഴിമതി ആരോപണം എന്നാൽ:

 പൊതുപ്രവർത്തകന്റെ നിർവചനത്തിൽ വരുന്ന ഒരു വ്യക്തി, പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ചുമതല നിർവഹിക്കുമ്പോൾ, തന്റെ പദവി ദുരുപയോഗം ചെയ്ത് ദുരുദ്ദേശ്യത്തോടുകൂടി പ്രവർത്തിക്കുക; അതിൽ നിന്ന് തനിക്കോ മറ്റാർക്കെങ്കിലുമോ നേട്ടമോ ഗുണമോ ഉണ്ടാക്കുക അല്ലെങ്കിൽ മറ്റൊരാൾക്ക് നാശമോ ക്ലേശമോ ഉണ്ടാക്കുക.

അനുചിതമായി പ്രവർത്തിക്കുക. സത്യസന്ധതയില്ലാതെ പ്രവർത്തിക്കുക. വ്യക്തി താത്പര്യമോ സ്വജനപക്ഷപാതമോ കാണിക്കുക തുടങ്ങിയവ ചെയ്തവർക്കെതിരെ നിയമപ്രകാരം നടപടി കൈക്കൊള്ളുവാൻ കൊടുക്കുന്ന പരാതികളാണ്.

ലോകായുക്ത നിയമത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥയാണ് ഭരണകർത്താവിന്റെ അധികാര ദുർവിനിയോഗത്തിന്റെ ഫലമായി കഷ്ടതയും സങ്കടവും അനുഭവിക്കുന്ന ജനങ്ങൾക്ക് ചെലവ് കുറഞ്ഞ വിധത്തിൽ പരിഹാരം ലഭിക്കുക എന്നത്. ലോകായുക്ത നിയമപ്രകാരം ദുർഭരണമെന്നാൽ (Maladministration) പൊതുപ്രവർത്തകരുടെ നീതി-നിയമ രഹിതമായ, കളവായ, അന്യായമായ, വിവേചനപരമായ കാലതാമസം വരുത്തുന്നതുമായ നടപടികളൊക്കെ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള ദുർഭരണത്താൽ കഷ്ടതയും സങ്കടവും അനുഭവിക്കുന്ന പൊതുജനങ്ങൾക്ക് ലോകായുക്തയിൽ പരാതി നൽകി വളരെ പെട്ടെന്ന് പരിഹാരം നേടാവുന്നതാണ്.

ലോകായുക്ത നിയമപ്രകാരം പൊതുപ്രവർത്തകൻ (Public Servant) എന്നാൽ ഇപ്പോൾ പദവികൾ വഹിക്കുന്നതോ അല്ലെങ്കിൽ മുമ്പ് പ്രസ്തുത പദവികൾ വഹിച്ചിട്ടുള്ളതോ ആയ വ്യക്തികൾ. അതിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സഹകരണ സംഘങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, യൂണിവേഴ്സിറ്റികൾ, സ്വകാര്യ സ്കൂളുകളുടെയും കോളേജുകളുടെയും നടത്തിപ്പുകാർ തുടങ്ങി നിരവധി ഉദ്യോഗസ്ഥർ ഉൾപ്പെടും.

എന്നാൽ, കോടതികൾ, കേന്ദ്രസർക്കാർ ജീവനക്കാർ, നിയമസഭാ സ്പീക്കർ, അക്കൗണ്ടന്റ് ജനറൽ, പി.എസ്.സി.ചെയർമാനും അംഗങ്ങളും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ, കേരള സംസ്ഥാന മനുഷ്യാവകാശ ചെയർമാനും അംഗങ്ങളും, സംസ്ഥാനത്തെ ലീഗൽ സർവീസ് അതോറിട്ടികൾ തുടങ്ങിയവർക്കെതിരെയുള്ള പരാതികൾ പരിഗണിക്കുവാൻ ലോകായുക്തയ്ക്ക് അധികാരമില്ല.

ജനാധിപത്യ ഭരണസംവിധാനം നിലവിലുള്ള രാജ്യങ്ങളിൽ, ഭരണകൂടത്തിനുമേൽ വളരെ വിപുലമായ അധികാരങ്ങളാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭരണകർത്താക്കളിൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയും ക്രമാതീതമായി വർദ്ധിച്ചു വരുന്നത്. തത്ഫലമായി വ്യക്തികളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുവാനും നിഷേധിക്കപ്പെടുവാനുമുള്ള അവസ്ഥയും സംജാതമായി.

മാറ്റം വരുത്തണം

നമ്മുടെ സംസ്ഥാനത്ത് അഴിമതിയെ ചെറുക്കുവാനും കുറ്റക്കാരായവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനും, കൂടാതെ ദുർഭരണത്തിന്റെ കെടുതികളാൽ സങ്കടം അനുഭവിക്കുന്നവർക്ക് സാമ്പത്തിക ക്ലേശമില്ലാതെ സത്വര പരിഹാരം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ലോകായുക്ത നിയമം നിയമസഭ പാസാക്കിയത്. ഇതൊരു ശക്തമായ നിയമമായിരുന്നു. എന്നാൽ മുൻസർക്കാർ അവരുടെ ചില വ്യത്യസ്ത ചിന്തകളുടെ അടിസ്ഥാനത്തിൽ നിയമത്തിൽ ചില ഭേദഗതികൾ കൊണ്ടുവന്നു (The Kerala Lok Ayukta (Amendment) Act 2024). ഈ ഭേദഗതികൾ ഏറെ വിമർശനങ്ങൾക്ക് വിധേയമായി. അത് തിരുത്തേണ്ടതും, വേണമെങ്കിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തി ലോകായുക്തയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതും, അഴിമതിക്കെതിരെയും ദുർഭരണത്തിനെതിരെയും പോരാടുന്നവരുടെ കടമകളിൽപ്പെട്ടതാണ്.

ലോകായുക്ത നിയമം സെക്ഷൻ 14 (2024ലെ ഭേദഗതികൾക്ക് മുമ്പ്) പ്രകാരം പൊതുപ്രവർത്തകർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ, ആ പൊതുപ്രവർത്തകൻ അയാൾ വഹിക്കുന്ന സ്ഥാനത്ത് തുടരരുത് എന്ന് പ്രഖ്യാപിക്കുവാൻ ലോകായുക്തയ്ക്ക് അധികാരം നൽകിയിരുന്നു. അങ്ങനെയൊരു പ്രഖ്യാപനം വന്നാൽ സർക്കാർ അത് നിർബന്ധമായും അംഗീകരിക്കേണ്ടതും പ്രസ്തുത പൊതുപ്രവർത്തകൻ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ മറ്റാരായിരുന്നാലും സ്ഥാനം ഒഴിയേണ്ടതുമായിരുന്നു.

എന്നാൽ മുൻ സർക്കാർ ലോകായുക്ത നിയമം ഭേദഗതി ചെയ്തപ്പോൾ നേരത്തെയുള്ള സെക്ഷൻ 14ലെ വ്യവസ്ഥ 'കുറ്റം തെളിഞ്ഞ പൊതുപ്രവർത്തകൻ താൻ വഹിക്കുന്ന സ്ഥാനം ഒഴിയണം എന്ന ലോകായുക്ത പ്രഖ്യാപനം' ഗവൺമെന്റ് നിർബന്ധമായും അംഗീകരിക്കണമെന്നുള്ള വ്യവസ്ഥ മാറ്റി, ലോകായുക്തയുടെ പ്രഖ്യാപനം സർക്കാർ 90 ദിവസത്തിനകം പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്നാക്കി മാറ്റി.

അതായത് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ പൊതുപ്രവർത്തകരോ അഴിമതി നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞ് അങ്ങനെയുള്ള പൊതുപ്രവർത്തകൻ, അയാൾ വഹിക്കുന്ന സ്ഥാനം ഒഴിയണമെന്ന പ്രഖ്യാപനം ലോകായുക്ത നടത്തിയാലും, ലോകായുക്ത നിയമഭേദഗതി പ്രകാരം അന്തിമ തീരുമാനം സർക്കാരിൽ നിക്ഷിപ്തമായി. ഈ അവസ്ഥയാണ് പൊതുജനം വിമർശിക്കുന്നതും ചോദ്യം ചെയ്യുന്നതും. അഴിമതി നിർമ്മാർജനത്തിനുവേണ്ടി കൊണ്ടുവന്ന നിയമം അഴിമതി ചെയ്തെന്ന് തെളിഞ്ഞവരെ സംരക്ഷിക്കുന്നതിനുള്ള നിയമമായി മാറി. ഇങ്ങനെയുള്ള നിയമങ്ങൾക്കാണ് മാറ്റം വരുത്തേണ്ടത്.

ശക്തി കൂട്ടണം

ഇപ്പോഴത്തെ സർക്കാർ സത്വരമായി തീരുമാനമെടുക്കേണ്ടതായ വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് കോർട്ട് അലക്ഷ്യം സംബന്ധിച്ച് ലോകായുക്തയുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട വ്യക്തതകൾ. ലോകായുക്ത ആക്ട് പ്രകാരം കോർട്ടലക്ഷ്യ നടപടികളിൽ ഹൈക്കോടതിക്കുള്ള അധികാരങ്ങൾ ലോകായുക്തമാർക്കും നൽകിക്കൊണ്ട് വ്യക്തമായ വ്യവസ്ഥകൾ ഉണ്ട്. അങ്ങനെ വ്യവസ്ഥകൾ ചെയ്തിട്ടുണ്ടെങ്കിലും അത് സംബന്ധിച്ചുള്ള 'റൂളുകൾ' ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.

'The Kerala Lok Ayukta (Contempts of Court) Rules 2025' നക്കൽ (draft) ഇപ്പോഴത്തെ സർക്കാരിന്റെ മുന്നിലുണ്ട്. ഈ നക്കൽ അടിയന്തരമായി പരിശോധിച്ച് മേൽനടപടികൾ സർക്കാർ സ്വീകരിച്ചാൽ ലോകായുക്ത നിയമങ്ങളുടെ ശക്തി വർദ്ധിക്കുന്നതാണ്. എല്ലാ നിയമനിർമ്മാണങ്ങളുടെയും ലക്ഷ്യങ്ങളിലൊന്ന് കുറ്റം ചെയ്തവരെ ശിക്ഷിക്കുക എന്നതോടൊപ്പം തന്നെ, ഒരാൾ കുറ്റം ചെയ്താൽ അയാൾക്കും ശിക്ഷ ലഭിക്കും എന്നുള്ള ഭയം ജനിപ്പിക്കാൻ കൂടിയാണ്. ഇത്തരം സംഗതികളെല്ലാം ഇപ്പോഴത്തെ സർക്കാർ താത്പര്യപൂർവം പരിഗണിക്കുമെന്ന് കരുതാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKAYUKTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY