SignIn
Kerala Kaumudi Online
Monday, 22 June 2026 4.33 AM IST

എതിർത്തവരുടെ സൂത്രപ്പണി; കസേര കളിയും

cd

'മണ്ണും ചാരി നിന്നവൻ ഒടുവിൽ പെണ്ണും കൊണ്ടുപോകുന്ന' അവസ്ഥയാണ് സ്കൂൾ വിദ്യാഭ്യാസ

നവീകരണത്തിനുള്ള വിവാദ കേന്ദ്ര പദ്ധതിയായ 'പി.എംശ്രീ' നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാനത്ത് സംഭവിക്കുന്നത്. പദ്ധതിയുടെ ധാരണാപത്രത്തിൽ ഇരു ചെവിയറിയാതെ ഒപ്പിട്ടതിന്റെ പേരിൽ പഴി മുഴുവൻ കേട്ടത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ.അതിന്റെ ഫലം സൂത്രത്തിൽ കൊയ്യാൻ ശ്രമിക്കുന്നത് പുതിയ യു.ഡി.എഫ് സർക്കാരും. വീട്ടുപറമ്പിൽ വാഴ നട്ടത് കുടിയാൻ. കുല പഴുത്തപ്പോൾ ചുളുവിൽ വെട്ടിയെടുത്ത് കൊണ്ടുപോയത് തമ്പ്രാൻ.തല വിധി!

പി.എംശ്രീ പദ്ധതിയിലൂടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും, ഹൈന്ദവ വർഗീയവത്കരണമെന്ന സംഘപരിവാർ അജൻഡയാണ് അതിന് പിന്നിലെന്നുമാണ് പ്രതിപക്ഷ വിമർശനം. പി.എംശ്രീയിൽ പ്രതിപക്ഷ സംസ്ഥാനങ്ങളെ കൊണ്ടും ഒപ്പിടീക്കാനുള്ള കേന്ദ്രത്തിന്റെ സൂത്രപ്പണിയാണ് സ്കൂളുകൾക്കുള്ള സർവശിക്ഷാ ഫണ്ട് തടഞ്ഞുവയ്ക്കൽ.

വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട കോടികൾ രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ

നഷ്ടപ്പെടുത്തുന്നത് ബുദ്ധിയല്ലെന്ന് കണ്ട്, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പി.എംശ്രീയിൽ ഒപ്പിട്ടു. അപ്പോഴും ഒപ്പിടാതെ മസിൽ പിടിച്ച് നിൽപ്പായിരുന്നു പിണറായി സർക്കാർ.

എസ്.എസ്.എ ഫണ്ട് കിട്ടാൻ മാർഗമില്ലാതെ വന്നതോടെയായിരുന്നു സർക്കാരിന്റെ 'സർജിക്കൽ സ്ട്രൈക്ക്'.എൽ.ഡി.എഫിലോ,മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ,

ധാരണാപത്രത്തിൽ രഹസ്യമായി ഒപ്പിടാൻ തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചേർന്ന്. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിലെത്തിയ പൊതു വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെക്കൊണ്ട് രഹസ്യമായി ഒപ്പിടുവിച്ചു. തുടർന്ന്, കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്.എസ്.കെ ഫണ്ടിൽ 90 കോടി കിട്ടിയ

ശേഷമാണ് കേരളത്തിൽ ആ രഹസ്യം പുറത്തായത്.

സി.പി.എമ്മിനെ അപേക്ഷിച്ച് അണികൾ കുറവെങ്കിലും 'വിപ്ലവ വീര്യം 'കൂടുതലുള്ള സി.പി.ഐക്കാർ പൊട്ടിത്തെറിച്ചു.പ്രതിപക്ഷമായ യു.ഡി.എഫിന് ഹാലിളകി. സി.പി.എം-ബി.ജെ.പി ഡീലായി ചിത്രീകരിച്ചു.കോൺഗ്രസിനെക്കാൾ എതിർപ്പ് കൂടുതൽ മുസ്ലിം ലീഗിനായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എംശ്രീ അറബിക്കടലിൽ എറിയുമെന്നായിരുന്നു ഇപ്പോഴത്തെ ലീഗ് മന്ത്രി കെ.എം.ഷാജിയുടെ പ്രഖ്യാപനം.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചോദിച്ച് കീഴടങ്ങിയതുപോലെ, അന്നും സി.പി.ഐയെ

മെരുക്കാമെന്നായിരുന്നു സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ്. 'ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നെയും ചാടിയാൽ ചട്ടിയോളം'. പക്ഷേ, സി.പി.ഐക്കാർ ഇടഞ്ഞു.പോരാത്തതിന്, നിയമസഭാ തിരഞ്ഞെടുപ്പും.ന്യൂനപക്ഷ സമുദായങ്ങൾ തിരിച്ചടിക്കുമോ?. ഗത്യന്തരമില്ലാതെ ഒപ്പിട്ട്,​ മൂന്നാഴ്ചയ്ക്കകം ചേർന്ന മന്ത്രിസഭായോഗം വിഷയം പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ വയ്ക്കാനും,അതുവരെ പദ്ധതി മരവിപ്പിക്കാനും തീരുമാനിച്ചു. കേന്ദ്രത്തിന് കത്തും നൽകി.അതോടെ,കേന്ദ്ര ഫണ്ട് നിലച്ചു.ഉപസമിതി ഒട്ടു ചേർന്നതുമില്ല.

യു.ഡി.എഫ് ഭരണത്തിൽ വരികയും,വിദ്യാഭ്യാസ വകുപ്പ് ലീഗിന് ലഭിക്കുകയും ചെയ്തതോടെ, കഥ മാറി. പി.എംശ്രീയിൽ അതുവരെ പറഞ്ഞതെല്ലാം അവർ വിഴുങ്ങി. കഴിഞ്ഞ ഇടതുസർക്കാർ ഒപ്പിടുകയും, ആദ്യ ഗഡു കൈപ്പറ്റുകയും ചെയ്തതിനാൽ ഇനി പിന്മാറാനാവില്ലെന്നും, ഉപാധികളോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. പ്രതിപക്ഷത്തിരുന്നപ്പോൾ അങ്ങനെ പറഞ്ഞെങ്കിലും, എങ്ങനെ അറബിക്കടലിൽ എറിയുമെന്ന് മന്ത്രി കെ.എം.ഷാജിയുടെ മലക്കം മറിച്ചിൽ.ഒപ്പിട്ടതിന്റെ പഴി മുൻ സർക്കാരിന്. കിട്ടുന്ന കോടികൾ, യു.ഡി.എഫ് സർക്കാരിന്.

അന്ന്, രഹസ്യമായി ഒപ്പിട്ടതാണ് വിനയായത്.അല്ലെങ്കിൽ, ഒപ്പിടൽ സതീശൻ സർക്കാരിന്റെ ബാദ്ധ്യതയായേനെ. 2022 സെപ്തംബറിൽ മോദി സർക്കാർ ആരംഭിച്ച പി.എംശ്രീയുടെ കാലാവധി 2027 മാർച്ചിൽ അവസാനിക്കും. പക്ഷേ,അതുകൊണ്ട് പ്രശ്നം തീരുന്നില്ല. പദ്ധതിയുമായി സഹകരിച്ചില്ലെങ്കിൽ, അതിനുശേഷമുള്ള സർവശിക്ഷ അഭിയാൻ ഫണ്ടും തടഞ്ഞുവയ്ക്കാം.

നമ്മുടെ സ്കൂളുകൾക്ക് കിട്ടേണ്ട കോടികൾ എന്തിന് പാഴാക്കണമെന്നാണ് യു.ഡി.എഫിലെ ഇപ്പോഴത്തെ ചിന്ത. പ്രതിപക്ഷത്തിരിക്കുമ്പോൾ പലതും പറയും. ഭരണത്തിലിരിക്കുമ്പോൾ പാലിക്കണമെന്നു വച്ചാൽ?. ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം!



രാമനാണ്ടാലും, രാവണനാണ്ടാലും സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ ശനി ദശ മാറില്ല. ഗുലുമാലുകൾ നിത്യേന സംഭവിക്കാം.ആരോഗ്യവകുപ്പ് ഭരണം അത്ര എളുപ്പമുള്ളതല്ലെന്നും മന്ത്രിയെന്ന നിലയിൽ തനിക്ക് സ്വസ്ഥമായി ഉറങ്ങാനാവില്ലെന്നും ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കകം കെ.മുരളീധരൻ പറഞ്ഞത് വെറുതെയല്ല. നിപ,എലിപ്പനി, ഷിഗെല്ല,വയറൽ പനി.. എല്ലാ മാരണങ്ങളും കൂട്ടത്തോടെ. കേരളത്തിൽ മഴക്കാലത്ത് ഇത് പതിവ്.അതിനെ എങ്ങനെ

നേരിടുന്നുവെന്നതാണ് പ്രശ്നം.

അതിനിടയ്കാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തെ കസേര കളി.കഴിഞ്ഞ സർക്കാർ

നിയമിച്ച ആരോഗ്യ ഡയറക്ടർ ഡോ.റീനയെ മന്ത്രി ഇടപെട്ട് മാറ്റി.പകരം,ഡോ.മീനാക്ഷിക്ക് താത്കാലിക ചുമതല നൽകി. നിപ പരിശോധനാ വിവരം മന്ത്രിയെ ‌ഡയറക്ടർ യഥാസമയം അറിയിച്ചില്ലത്രെ. പകർച്ച വ്യാധികൾ പെരുകുന്നതിനിടെ ഡയറക്ടർ രണ്ടാഴ്ചത്തെ ലീവെടുത്തുവെന്നതാണ് മറ്റൊരാരോപണം.രണ്ടു ദിവസത്തെ ലീവേ താൻ എടുത്തുള്ളൂവെന്നാണ് ഡോ.റീനയുടെ വാദം.

താൻ മന്ത്രിയായിരിക്കുമ്പോൾ തന്റെ നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരെ വച്ചു പൊറുപ്പിക്കില്ലെന്ന് കെ.മുരളീധരൻ. ഡയറക്ടറുടെ മാറ്റത്തിന് പിന്നിൽ മന്ത്രിയുടെ ഈഗോയാണെന്ന് പ്രതിപക്ഷം.തന്നെ മാറ്റിയ ഉത്തരവിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് രണ്ടാഴ്ചത്തെ സ്റ്റേ വാങ്ങിയ ഡോ.റീന അതുമായി എത്തിയപ്പോൾ, ഡയറക്ടറുടെ കസേരയിൽ ഡോ.മീനാക്ഷി. സന്ദർശകർക്കുള്ള കസേരയിൽ ഡോ.റീനയും.

ഒരു വകുപ്പിൽ രണ്ട് ഡയറക്ടർ! അതിന്റെ പേരിൽ മുടങ്ങിയത് ആരോഗ്യ ഡയറക്ടറുടെ നേത‌ൃത്വത്തിൽ നടത്തേണ്ട പക‌‌ർച്ച വ്യാധി അവലോകന യോഗം. പാവം രോഗികൾ എന്ത് പിഴച്ചു?. ട്രൈബ്യൂണലിന്റെ സ്റ്റേയ്ക്ക് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.കോടതി തീർപ്പുവരെ കസേര കളി നീളുമോ?.



നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കുശേഷം സി.പി.എമ്മിൽ എന്താണ് സംഭവിക്കുന്നത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ നിരീക്ഷണങ്ങളെ കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.വി.ഗോവിന്ദനും തള്ളിപ്പറയുന്നു. പിണറായി പ്രതിപക്ഷ നേതാവാകുന്നതിനെ പൊളിറ്റ് ബ്യൂറോയിൽ എതിർത്ത് ഒരു വിഭാഗം അംഗങ്ങൾ. തളിപ്പറമ്പിൽ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വീഴ്ച സംഭവിച്ചെന്നും, അതൊഴിവാക്കുമായിരുന്നുവെന്നും എം.എ.ബേബി.

തിരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ അവലോകനത്തിൽ പാർട്ടിയുടേതല്ലാതെ,​ ഏതെങ്കിലും വ്യക്തിയുടെ വീഴ്ച എടുത്തു പറയുന്നില്ലെന്ന് എം.വി. ഗോവിന്ദൻ. അതിനോട് യോജിച്ച് പിണറായി. സി.പി.എമ്മിൽ ജനങ്ങളെയും പാർട്ടി അണികളെയും ബോദ്ധ്യപ്പെടുത്തുന്ന മാറ്റങ്ങളും തിരുത്തലുകളും വേണമെന്ന ആവശ്യത്തിലുറച്ച് സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ. അതിന് ബേബിയുടെ പിന്തുണയുണ്ടെന്നും വ്യാഖ്യാനം. പാർട്ടിയിൽ എവിടെയോ, എന്തൊക്കയോ ചീഞ്ഞു നാറുന്നില്ലേ? പൊളിച്ചെഴുത്ത് സംഭവിക്കുമോ? കണ്ടറിയണം!

നുറുങ്ങ്:

സാമൂഹ്യ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന് പറഞ്ഞെങ്കിലും വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ 100 രൂപപോലും കൂട്ടിയില്ലെന്ന് ആക്ഷേപം.

►ഒരു നിശ്ചയമില്ല ഒന്നിനും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY