SignIn
Kerala Kaumudi Online
Monday, 25 May 2026 12.53 PM IST

എൻ.ഡി.എയുടെ ഭാഗമാകാൻ വിജയ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് ടി.വി.കെ യോഗം

t

ചെന്നൈ: സൂപ്പർതാരം വിജയ് നയിക്കുന്ന ടി.വി.കെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിനൊപ്പം ചേരുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.

ബി.ജെ.പി നേതൃത്വം വിജയ്‌‌യുമായി ചർച്ചകൾ നടത്തിവരുന്നതിനിടെ ഇന്നലെ ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറിമാരുടെ യോഗം നടന്നു. 132 ജില്ലാ സെക്രട്ടറിമാരിൽ 120 പേർ പങ്കെടുത്തു. നൂറിലേറെ പേരും എൻ.ഡി.എയിൽ ചേരുന്നതിനോട് അനുകൂലിച്ചു. എന്നാൽ വിജയ് എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പം നിൽക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റയ്ക്ക് മത്സരിക്കണമോ, സഖ്യത്തിൽ ചേരണോ എന്നായിരുന്നു ജില്ലാ ഭാരവാഹികളോട് ആനന്ദ് ചോദിച്ചിരുന്നത്.

ഡി.എം.കെ വീണ്ടും അധികാരത്തിൽ വന്നാൽ വിജയ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ഭാവി താത്പര്യങ്ങൾ കണക്കിലെടുത്ത് വിജയ് എൻ.ഡി.എയ്ക്കൊപ്പം നിൽക്കണമെന്നും ബി.ജെ.പി നേതാക്കൾ അനൗപചാരികമായ ചർച്ചയിൽ വിജയ്‌യോടു പറഞ്ഞുവെന്നാണ് അറിയുന്നത്.

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാണും വിജയ്‌യെ എൻ.ഡി.എയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

നേരത്തെ അണ്ണാ ഡ‌ി.എം.കെയുമായി ടി.വി.കെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. മുന്നണിയിലെ മുഖ്യകക്ഷി ടി.വി.കെ ആകണമെന്നും മുഖ്യമന്ത്രിസ്ഥാനം വിജയ്‌ക്ക് വേണമെന്നും ആവശ്യം ഉന്നയിച്ചതോടെ അണ്ണാ ഡി.എം.കെ അത് നിരസിച്ചു. അതിനു ശേഷമാണ് അണ്ണാ ഡ‌ി.എം.കെ ബി.ജെ.പി ബന്ധം പുനഃസ്ഥാപിച്ചത്.

ഇപ്പോൾ മുഖ്യമന്ത്രിക്കു പകരം ഉപമുഖ്യമന്ത്രി എന്ന ആവശ്യത്തിലേക്ക് ടി.വി.കെ എത്തി. മാന്യമായ എണ്ണം സീറ്റുകൾ ലഭിക്കണമെന്നും വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നുമുള്ള ആവശ്യങ്ങളാണ് ജില്ലാ സെക്രട്ടറിമാർ യോഗത്തിൽ മുന്നോട്ടുവച്ചത്.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് ടി.വി.കെ നേതാക്കളായ അധവ് അർജുനയും നിർമ്മൽ കുമാറും ആവശ്യപ്പെട്ടത്. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഉൾപ്പെടെയുളളവർ ഈ നീക്കത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കരൂർ ദുരന്തം, വിവാഹമോചന കേസ് തുടങ്ങിയവയാണ് വൻ കുതിപ്പ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാമെന്ന വിജയ്‌യുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360