SignIn
Kerala Kaumudi Online
Monday, 25 May 2026 11.09 AM IST

'വെള്ളയാൻ' ഭീതിയൊഴിയാത്ത കൂവക്കുടിപ്പാലം

photo

നെടുമങ്ങാട്: പാലത്തിൽ തൂങ്ങിയാടുന്ന 'വെള്ളയാനെ" പേടിച്ച് അസമയത്ത് കൂവക്കുടി വഴിയുള്ള യാത്ര നാട്ടുകാർ ഒഴിവാക്കിയിരുന്ന കാലമുണ്ടായിരുന്നു. യാത്രികരെ ഭയപ്പെടുത്തി കൈവശമുള്ളത്ത് പിടിച്ചുപറിക്കാൻ മോഷ്ടാക്കൾ വെള്ളപുതച്ച് തലകീഴെ കിടക്കുന്നതാണെന്ന് പിൽക്കാലത്ത് കണ്ടെത്തിയതോടെ വെള്ളയാൻ പോയവഴി പുല്ലുകുരുത്തിട്ടില്ല.

പക്ഷെ,ഇപ്പോൾ കഞ്ചാവും സിന്തറ്റിക് ലഹരി വസ്തുക്കളും സുരക്ഷിതമായി കൈമാറാൻ പറ്റിയ ഒളിയിടമായി മാറുകയാണിവിടം. അരുവിക്കര ജലസംഭരണിയുടെ അരികുപറ്റി കുറ്റിക്കാടുകൾ നിറഞ്ഞ വിജന പ്രദേശമാണ് കൂവക്കുടി.ആത്മഹത്യാ മുനമ്പെന്ന് കുപ്രസിദ്ധിയാർജ്ജിച്ചയിടമാണ്. വെള്ളനാട്-അരുവിക്കര പഞ്ചായത്തുകൾ അതിര് പങ്കിടുന്ന കൂവക്കുടിയാറ്റിൽ ശവം പൊങ്ങലും പതിവാണ്. 135 വർഷം പഴക്കമുണ്ടെന്നാണ് കരിങ്കല്ലും പഴയ കുമ്മായക്കൂട്ട് മിശ്രിതവും സുർക്കിയും കൊണ്ട് നിർമ്മിച്ച പാലത്തെക്കുറിച്ചുള്ള രേഖകളിൽ വിശദമാക്കിയിട്ടുള്ളത്. നെടുമങ്ങാട്-വെള്ളനാട് റോഡിലെ ഏറ്റവും പഴക്കം ചെന്ന പാലമാണിത്.

മാലിന്യം തള്ളലും വ്യാപകം
തകർച്ചയില്ലാതെ നിൽക്കുന്നുമ്പോഴും കാടുകയറി നശിക്കുകയാണ് മുത്തശ്ശിപ്പാലം. കൈവരിയിൽ നിന്ന് ചാടിയുള്ള ആത്മഹത്യ തടയാൻ ഇരുവശങ്ങളിലും നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. 2017ൽ ഗതാഗതം സുഗമമാക്കാൻ സമാന്തരമായി പുതിയ പാലം നിലവിൽ വന്നതോടെയാണ് മുത്തശ്ശിപ്പാലത്തെ അധികൃതർ കൈയൊഴിഞ്ഞത്.പഴയ പാലവും പരിസരവും സാമൂഹ്യവിരുദ്ധ സംഘങ്ങൾ താവളമാക്കിയതോടെ മാലിന്യം തള്ളലും വ്യാപകമായി.

35 ലക്ഷം നീക്കിവച്ചിട്ടും 'ഹാപ്പിനസ് പാർക്ക്" വന്നില്ല

വെള്ളനാട് പഞ്ചായത്ത് മുൻ ഭരണസമിതി പാലം ചരിത്രസ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, വാക്ക് വേയും ഹാപ്പിനസ് പാർക്കും ഒരുക്കാനും മേൽക്കൂര നിർമ്മിച്ച് പാലം സംരക്ഷിക്കാനും സാംസ്ക്കാരിക സായാഹ്നങ്ങൾക്ക് വേദിയൊരുക്കാനും ആലോചിച്ചിരുന്നു. 2024-25, 2025-26 വാർഷിക പദ്ധതികളിലായി 10 ലക്ഷം രൂപ പ്ലാൻ ഫണ്ടും 25 ലക്ഷം രൂപ പദ്ധതി വിഹിതവുമായി 35 ലക്ഷം രൂപ നീക്കിവച്ച് കഴിഞ്ഞ സെപ്‌തംബറിൽ കരാറുറപ്പിച്ചു. നിർമ്മാണ ജോലികൾ പ്രാരംഭഘട്ടത്തിലാണ്.എന്നാൽ,15നകം പണി പൂർത്തിയാക്കിയില്ലെങ്കിൽ തുക ലാപ്സാകുമെന്ന സ്ഥിതിയാണ്.നിലവിലെ പഞ്ചായത്ത് ഭരണസമിതി പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL