SignIn
Kerala Kaumudi Online
Wednesday, 26 August 2026 10.45 AM IST

സിറിയയെ യു.എസിന്റെ ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കി

s

വാഷിംഗ്ടൺ: സിറിയയെ 'ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ ' പട്ടികയിൽ നിന്ന് ഒഴിവാക്കി യു.എസ്. 1979 മുതൽ സിറിയയെ യു.എസ് ഈ പട്ടികയിൽ ഉൾപ്പെടുത്തിരിക്കുകയായിരുന്നു. ഇനി ക്യൂബ,​ ഇറാൻ,​ ഉത്തര കൊറിയ എന്നിവരാണ് പട്ടികയിൽ അവശേഷിക്കുന്നത്. സിറിയൻ വിമത ഗ്രൂപ്പായിരുന്ന ഹയാത്ത് തഹ്‌രിർ അൽ-ഷാമിനെ (എച്ച്.ടി.എസ്) ആഗോള ഭീകര ഗ്രൂപ്പുകളുടെ ലിസ്റ്റിൽ നിന്നും യു.എസ് ഒഴിവാക്കി.

ഭീകരവാദപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമ്മാണത്തിന് ഏറെ ഗുണം ചെയ്യും. പാശ്ചാത്യ ബാങ്കുകളെയും ബഹുരാഷ്ട്ര കമ്പനികളെയും സിറിയയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് തടഞ്ഞിരുന്ന നിയമ, സാമ്പത്തിക തടസങ്ങൾ ഇതോടെ ഇല്ലാതാകും.

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വിദേശ സഹായത്തോടെ വികസിപ്പിക്കാനാകും. സിറിയയെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി പുനഃസംയോജിപ്പിച്ച്, റഷ്യയുടെയും ഇറാന്റെയും സ്വാധീനത്തിൽ നിന്ന് അവരെ അകറ്റാനാണ് യു.എസ് ലക്ഷ്യമിടുന്നത്.

സിറിയയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും കഴിഞ്ഞ വർഷം ജൂലായിൽ യു.എസ് നീക്കിയിരുന്നു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സിറിയ നേരിട്ട സാമ്പത്തിക ഒറ്റപ്പെടലും അവസാനിച്ചിരുന്നു. സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറായുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ച നടത്തിയിരുന്നു. നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തിയത്.

2024 ഡിസംബറിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് ഷറായുടെ എച്ച്.ടി.എസിന്റെ നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചെടുക്കുകയായിരുന്നു. എച്ച്.ടി.എസിന് മുമ്പ് അൽ-ഖ്വഇദയുമായി ബന്ധമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360