
വാഷിംഗ്ടൺ: യു.എസിലെ കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ പൊള്ളുന്ന 46.6 ഡിഗ്രി സെൽഷ്യസ് (116 ഡിഗ്രി ഫാരൻഹീറ്റ്) ചൂടിൽ റോഡരികിൽ കുടുങ്ങിയ ഫ്രഞ്ച് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. 68 കാരനായ പിയറി മിഷേൽ ഫോർമോസയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹവും ഫ്രാൻസ് സ്വദേശിയായ മറ്റൊരു സഞ്ചാരിയും യാത്രചെയ്ത കാർ ചെളിയിൽ കുടുങ്ങിയിരുന്നു. വിദൂര പ്രദേശമായതിനാൽ മറ്റ് വാഹനങ്ങളോ മൊബൈൽ നെറ്റ്‌വർക്കോ ഉണ്ടായിരുന്നില്ല.
ഇതോടെ സഹായം തേടി പോകുന്നതിനിടയിലാണ് ഇദ്ദേഹം മരണപ്പെട്ടതെന്ന് ഡെത്ത് വാലി നാഷണൽ പാർക്ക് അധികൃതർ പറഞ്ഞു. ഫോർമോസയും ഒപ്പമുണ്ടായിരുന്നയാളും സഹായം തേടി നടക്കാൻ ശ്രമിച്ചുവെങ്കിലും, കടുത്ത ചൂട് കാരണം 1.3 മൈൽ പിന്നിട്ടപ്പോഴേക്കും ഫോർമോസ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നയാൾ ഇതിനിടെ മുന്നോട്ടുപോയി ഒരു ഡ്രൈവറെ കണ്ടെത്തി. ഇയാളുടെ സഹായത്തോടെ വിവരമറിയിച്ചതിനെ തുടർന്ന് പാർക്കിലെ റേഞ്ചർമാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും ഫോർമോസയുടെ മരണം സംഭവിച്ചിരുന്നു.
ഡെത്ത് വാലിയെ പറ്റി മുൻപരിചയം എത്രയുണ്ടായാലും ഇവിടുത്തെ ചൂടും ദൂരവും ഒറ്റപ്പെട്ട അവസ്ഥയും അപകടകരമാണെന്ന് പാർക്ക് അധികൃതർ ചൂണ്ടിക്കാട്ടി. ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ സ്ഥലമെന്നാണ് ഡെത്ത് വാലി അറിയപ്പെടുന്നത്. 1913ൽ ഇവിടെ 56.7 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |