
വാഷിംഗ്ടൺ: പ്രസിദ്ധമായ ഒന്റേറിയോ തടാകത്തിന്റെ (ലേക്ക് ഒന്റേറിയോ ) പേര് 'ലേക്ക് അമേരിക്ക' എന്ന് മാറ്റുന്നത് പരിഗണനയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമായ പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. സോഷ്യൽ മീഡിയയിലൂടെയാണ് അവകാശവാദം.
വടക്കേ അമേരിക്കയിലെ പഞ്ചമഹാ തടാകങ്ങളിൽ ഒന്നാണ് ഒന്റേറിയോ. കനേഡിയൻ പ്രവിശ്യയായ ഒന്റേറിയോയുമായും യു.എസ് സംസ്ഥാനമായ ന്യൂയോർക്കുമായും തടാകം അതിർത്തി പങ്കിടുന്നു. ട്രംപിന്റെയോ യു.എസ് ക്യാബിനറ്റ് അംഗങ്ങളുടെയോ സോഷ്യൽ മീഡിയ പോസ്റ്റുകളോട് തങ്ങൾ പ്രതികരിക്കില്ലെന്ന് കനേഡിയൻ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു.
യു.എസുമായുള്ള വ്യാപാരത്തിൽ അസമത്വങ്ങൾ കാട്ടുന്നെന്ന് ആരോപിച്ച് കാനഡയ്ക്ക് മേൽ ട്രംപ് അടുത്തിടെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. യു.എസിലേക്കുള്ള കാനഡയുടെ വാർഷിക കയറ്റുമതിയുടെ ഏകദേശം 5 ശതമാനത്തെയാണ് ഈ തീരുവ ബാധിക്കുക. കനേഡിയൻ നിർമ്മിത കാറുകൾക്കും വാഹന ഭാഗങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്.
അതേ സമയം, മെക്സിക്കോയുമായുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് കഴിഞ്ഞ വർഷം ഗൾഫ് ഒഫ് മെക്‌സിക്കോയുടെ (മെക്സിക്കോ ഉൾക്കടൽ) പേര് 'ഗൾഫ് ഒഫ് അമേരിക്ക" എന്ന് ട്രംപ് പുനർനാമകരണം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |