
ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രിയുടെ ടോക്കിയോയിലെ ഔദ്യോഗിക വസതിയിലുളള പാറ്റശല്യം ജപ്പാനിൽ സംസാരവിഷയം. പ്രധാനമന്ത്രി സനേ തകൈചി തന്നെയാണ് പാറ്റയെ പറ്റിയുള്ള രസകരമായ അനുഭവം പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ പ്രേതശല്യമുണ്ടെന്ന കഥ ജപ്പാനിൽ പ്രചാരത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യത്തിനിടെയായിരുന്നു തകൈചിയുടെ വിശദീകരണം. താൻ പ്രേതത്തെ കണ്ടിട്ടില്ലെന്നും എന്നാൽ അപ്രതീക്ഷിതമായി മുന്നിൽ വന്ന പാറ്റകളെ കണ്ട് പേടിച്ച് നിലവിളിച്ചിട്ടുണ്ടെന്നും തകൈചി തമാശരൂപേണ പറഞ്ഞു.
വളരെ വൃത്തിയായി സൂക്ഷിച്ചിട്ടും പാറ്റകൾ വസതിയിൽ പ്രത്യക്ഷപ്പെട്ടത് അദ്ഭുതപ്പെടുത്തി. പാറ്റ ഭയപ്പെടുത്തിയെങ്കിലും അവയെ കൊല്ലാൻ തകൈചി തയ്യാറായില്ല. കുട്ടിക്കാലത്ത് വായിച്ചിട്ടുള്ള പുനർജന്മത്തെയും ജീവചക്രത്തെയും പരാമർശിക്കുന്ന ചിത്രകഥയാണ് കാരണം. പാറ്റ എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടേ എന്ന് തകൈചി കരുതിയെങ്കിലും ഇക്കാര്യമറിഞ്ഞ ജീവനക്കാർ അതിനൊരുക്കമല്ലായിരുന്നു. തകൈചിയുടെ സെക്രട്ടറിമാർ ഇടപെട്ട് പാറ്റകളെ പൂർണമായും തുരത്തി. പാറ്റകൾ മുഴുവൻ അപ്രത്യക്ഷമായതോടെ ആദ്യം ആശ്വാസം തോന്നിയെങ്കിലും മനസിൽ ഏകാന്തതയും സങ്കടവും അനുഭവപ്പെട്ടെന്ന് തകൈചി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |