
വാഷിംഗ്ടൺ: നയതന്ത്ര ചർച്ചകൾ സ്തംഭിച്ചതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഇറാനെ ഒറ്റപ്പെടുത്താനുള്ള 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ് ' ദൗത്യത്തിന് തുടക്കമിട്ട് യു.എസ്. ഇറാന്റെ സാമ്പത്തിക സ്രോതസുകൾ തകർത്ത് യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യം.
ആദ്യപടിയായി ചൈന, യു.എ.ഇ, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ 60 സ്ഥാപനങ്ങളെയും വ്യക്തികളെയും കപ്പലുകളെയും കരിമ്പട്ടികയിൽപെടുത്തി. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കും ബാങ്കുകൾക്കും ദ്വിദീയ ഉപരോധങ്ങൾ ചുമത്തുമെന്നാണ് ഭീഷണി. ഇറാന്റെ ഡിജിറ്റൽ ആസ്തികൾ, സ്വർണം, ഷിപ്പിംഗ്, ഏവിയേഷൻ, ടെക് മേഖലകൾ ഉപരോധ പരിധിയിൽപ്പെടും.
പശ്ചിമേഷ്യയിലെ കപ്പൽ ഗതാഗതം സ്തംഭിപ്പിച്ച് തിരിച്ചടിക്കാനാണ് ഇറാന്റെ തീരുമാനം. ഹോർമുസിൽ തങ്ങളുടെ നിയന്ത്രണം മറികടക്കുന്ന കപ്പലുകൾക്ക് പിഴ ചുമത്തുകയോ അവയെ പിടിച്ചെടുക്കുകയോ ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.
നിയമലംഘനം നടത്തിയെന്ന് കാട്ടി 45 എണ്ണടാങ്കറുകളെ കരിമ്പട്ടികയിൽപ്പെടുത്തി. ഈ കപ്പലുകൾ ഇനി മേഖലയിലെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ഇത്തരം കപ്പലുകളുമായി ചരക്കുകൈമാറ്റം നടത്തുന്ന മറ്റ് കപ്പലുകളെയും ബാധിക്കുമെന്നും ഇറാൻ വ്യക്തമാക്കി. കപ്പലുകളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാനുള്ള നടപടികളും ഇറാൻ ഊർജ്ജിതമാക്കി.
സാമ്പത്തിക യുദ്ധം
ഒഴിവാക്കാൻ നീക്കം
യു.എസും ഇറാനും തമ്മിലെ സാമ്പത്തിക യുദ്ധം ഒഴിവാക്കാൻ മദ്ധ്യസ്ഥ രാജ്യങ്ങൾ ശ്രമം ശക്തമാക്കി. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇന്നലെ ടെഹ്റാനിലെത്തി ഇറാൻ നേതൃത്വവുമായി ചർച്ച നടത്തി. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് മുനീർ ടെഹ്റാനിലെത്തിയത്. ഒമാൻ വിദേശകാര്യ മന്ത്രി ഇന്ന് ടെഹ്റാനിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |