SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.25 AM IST

കുതിച്ചുയർന്ന് ഇന്ത്യൻ വ്യോമസേന; യുദ്ധവിമാനങ്ങളുടെ 97 ശതമാനം സ്‌പെയർ പാർട്‌സും തദ്ദേശ നിർമിതം

rafale-jet
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: യുദ്ധവിമാനങ്ങളുടെ സ്‌പെയർ പാർട്‌സുകളിൽ 97 ശതമാനവും ഇന്ത്യയിൽ തന്നെ നിർമിക്കാൻ വ്യോമസേനയ്‌ക്ക് സാധിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. വിമാനങ്ങളിലെ ബാറ്ററികൾ, പൈലറ്റ് പാരച്യൂട്ടുകൾ, ഇജക്ഷൻ സീറ്റുകളിലെ എസ്‌കേപ്പ് എയർ എക്‌സ്‌പ്ലോസീവുകൾ, ടയറുകൾ, പവർ കാർട്ടുകൾ തുടങ്ങി നിത്യേനയുള്ള പറക്കലുകൾക്ക് ആവശ്യമായ ഘടകങ്ങളാണ് ഇത്തരത്തിൽ ഇന്ത്യയിൽ തന്നെ നിർമിക്കുന്നത്.

മുമ്പ് വിദേശ വിതരണക്കാരെ വലിയരീതിയിൽ ഇതിനായി ആശ്രയിച്ചിരുന്നു. ഇവ തദ്ദേശമായി നിർമിക്കാൻ തുടങ്ങിയതോടെ അഞ്ച് വർഷത്തിനിടെ 582 കോടി രൂപയുടെ വിദേശനാണയം ലാഭിക്കാൻ വ്യോമസേനയ്‌ക്കായി. വ്യോമസേനയുടെ മെയിന്റനൻസ് കമാൻഡ് മാത്രം ഏകദേശം 62,300 സ്‌പെയർ പാർട്‌സുകളാണ് തദ്ദേശീയമായി വികസിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ആഗോള വിതരണ ശൃംഖലയിലെ തടസങ്ങൾക്കിടയിൽ ഇത്തരം നിർണായക ഘടകങ്ങൾ തദ്ദേശീയമായി നിർമിക്കുന്നതിന് സേന മുൻഗണന നൽകുന്നുണ്ട്.

സേനയുടെ വിവിധ യൂണിറ്റുകൾക്ക് ആവശ്യമായ 97 ശതമാനം സ്‌പെയർ പാർട്‌സുകളും ഇപ്പോൾ തദ്ദേശീയമായാണ് നിർമിക്കുന്നത്. വിദേശ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനായി 2022 മുതൽ വ്യോമസേന ഒരു ത്രീ ഡി പ്രിന്റിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ വ്യവസായ മേഖലയുമായി സഹകരിച്ചാണ് ഈ വലിയ മുന്നേറ്റം വ്യോമസേന നടത്തുന്നത്.

റഷ്യൻ നിർമിത സുഖോയ് 30 എംകെഐ, മിഗ് 29, മി 17 ഹെലികോപ്‌ടറുകൾ, എഎൻ 32 വിമാനങ്ങൾ എന്നിവയും ഫ്രഞ്ച് നിർമിത മിറാഷ് 2000, റാഫേൽ വിമാനങ്ങളും ഉൾപ്പെടുന്ന വലിയൊരു വിദേശ നിർമിത വിമാനവ്യൂഹം വ്യോമസേന നിലവിൽ ഉപയോഗിക്കുന്നുണ്ട്. ഇവയ്‌ക്ക് ആവശ്യമായ എഞ്ചിനുകൾ, സ്‌പെഷ്യലിസ്റ്റ് അറ്റകുറ്റപ്പണികൾ എന്നിവയ്‌‌ക്ക് ഇപ്പോഴും വലിയതോതിൽ വിദേശ സഹായം ആവശ്യമാണ്. പ്രതിസന്ധി പരിഹരിക്കാനായി സ്‌പെയർ പാർട്‌സുകൾ ഇന്ത്യയിൽ നിർമിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനായി റഷ്യൻ കമ്പനികളുമായും ഇന്ത്യൻ വ്യവസായ മേഖലയുമായും വ്യോമസേന ഇപ്പോൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

English Summary

The Indian Air Force now manufactures 97% of the spare parts required for its aircraft domestically, according to an official report. Indigenous production has helped save ₹582 crore in foreign exchange over five years. The IAF has also developed around 62,300 spare parts locally and is expanding 3D printing and industry partnerships.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN AIR FORCE SPARE PARTS, IAF 97 PERCENT INDIGENOUS, FIGHTER AIRCRAFT SPARE PARTS, ATMANIRBHAR BHARAT DEFENCE, INDIAN AIR FORCE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360