
കെ.സി.എല്ലിൽ ആലപ്പി റിപ്പിൾസിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്
സീസണിലെ മൂന്നാം ജയവുമായി കാലിക്കറ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം: കെ.സി. എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആറുവിക്കറ്റിന് ആലപ്പി റിപ്പിൾസിനെ തകർത്ത് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്. സീസണിലെ നാലുമത്സരങ്ങളിൽ മൂന്നാംജയം നേടിയ കാലിക്കറ്റ് ഇതോടെ ആറു പോയിന്റുമാ യി പട്ടികയിൽ ഒന്നാമതെത്തി.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ആലപ്പി 19.3 ഓവറിൽ 131ന് ആൾഔട്ടായപ്പോൾ കാലിക്കറ്റ് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്ടൻ രോഹൻ കുന്നുമ്മലിന്റെയും (47 പന്തുകളിൽ ആറുഫോറും എട്ടുസിക്സുമടക്കം 94 റൺസ്) സ്പിന്നർ ഹരികൃഷ്ണന്റെയും (നാലോവറിൽ ഒരു മെയ്ഡനടക്കം 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്)തകർപ്പൻ പ്രകടനമാണ് കാലിക്കറ്റിന് വിജയമൊരുക്കിയത്. രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാമത്തെ ഓവറിൽ തുടരെയുള്ള പന്തുകളിൽ ജലജ് സക്സേനയെയും (2) സച്ചിൻ ബേബിയെയും (0) പുറത്താക്കി ഹരികൃഷ്ണനാണ് ആലപ്പിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീനെയും (12) കെ.എ. അരുണിനെയും (1) അഖിൽ സ്കറിയ പുറത്താക്കിയതോടെ ആലപ്പി 16/4എന്ന നിലയിലായി . പിന്നീടെത്തിയ ടി.കെ. അക്ഷയ് (11), ആകാശ് പിള്ള (13) എന്നിവർക്കും തിളങ്ങാനായില്ല. അവസാന ഓവറുകളിൽ അഭിജിത് പ്രവീൺ (24), സിബിൻ ഗിരീഷ് (17), ആഷിക് അലി (33) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് ആലപ്പിയെ 131ലെത്തിച്ചത്. അഖിൽ സ്കറിയയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ കാലിക്കറ്റിന് തുടക്കത്തിൽ തന്നെ കെ.എസ്. അരവിന്ദിന്റെയും (2) വരുൺ നായനാരുടെയും (1) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്ടനും വൈസ് ക്യാപ്ടനും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രോഹൻ കുന്നുമ്മൽ ആഞ്ഞടിച്ച് മുന്നേറിയപ്പോൾ അഖിൽ സ്കറിയ(31*) കരുതലോടെ ബാറ്റ് വീശി. ഇരുവരും ചേർന്ന് 106 റൺസാണ് കൂട്ടിച്ചേർത്തത്. ആലപ്പി ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച രോഹൻ അജിനാസ് എറിഞ്ഞ 12-ാം ഓവറിൽ തുടരെ നാല് സിക്സുകളാണ് നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |