SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.52 AM IST

ജയ് ജുറേൽ!

cricket

കൊളംബോ : ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയുടെ സമഗ്രാധിപത്യം. ആദ്യ ദിവസം സെഞ്ച്വറി നേടിയിരുന്ന ദേവ്ദത്ത് പടിക്കലിന് (117) പിന്നാലെ രണ്ടാം ദിവസം ധ്രുവ് ജുറേൽ (115നോട്ടൗട്ട്)കൂടി സെഞ്ച്വറിയിലെത്തിയ തോടെ ഇന്ത്യ രണ്ടാം ദിവസം അവസാനസെഷനിൽ 503/9 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് എട്ട് റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. 300/5 എന്ന സ്കോറിലാണ് രണ്ടാം ദിവസമായ ഇന്നലെ ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്.

ഏഴ് റൺസ് കൂടി നേടിയപ്പോൾ അരങ്ങേറ്റക്കാൻ സാരാംശ് ജയ്ൻ (6) പുറത്തായെങ്കിലും ആദ്യ ദിനത്തിൽ പരിക്കേറ്റ് മടങ്ങിയിരുന്ന റിഷഭ് പന്ത് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ഉൗർജം പകർന്നു. വിക്കറ്റ് കീപ്പർമാരായ പന്തും ജുറേലും ചേർന്ന് 112 റൺസ് കൂട്ടിച്ചേർത്തു. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 419/6 എന്ന നിലയിലായിരുന്നു. ലഞ്ച് കഴിഞ്ഞ് ആദ്യ പന്തിൽ റിഷഭ് പന്ത് പുറത്തായി. 89 പന്തുകളിൽ ആറുഫോറും രണ്ട് സിക്സുമടക്കം 63 റൺസ് നേടിയ റിഷഭിനെ നുവാന്തയുടെ ബൗളിംഗിൽ ഉദാര പിടികൂടുകയായിരുന്നു.

രണ്ടാം സെഷനിൽ മാനവ് സുതറിനെ (18)ക്കൂട്ടി ജുറേൽ ബാറ്റിംഗ് തുടർന്നു. 51 പന്തുകൾ നേരിട്ട സുതർ ജുറേലിന് സ്കോർ ചെയ്യാൻ അവസരമൊരുക്കി. എങ്കിലും ടീം സ്കോർ 458ൽ വച്ച് പ്രഭാത് ജയസൂര്യ സുതറിനെ മടക്കി അയച്ചു. പത്താമനായി കളത്തിലേക്കിറങ്ങിയ മുഹമ്മദ് സിറാജും (3) ജുറേലും ചേർന്ന് 475/8ലെത്തിച്ചപ്പോഴേക്കും മഴ വീണു. കളി ചായയ്ക്ക് പിരിയുകയും ചെയ്തു. ചായയ്ക്ക് ശേഷം സിറാജ് ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന് ജുറേലിന് സെഞ്ച്വറിയിലെത്താൻ പ്രേരണ നൽകി.

നേരിട്ട 171-ാമത്തെ പന്തിൽ ധ്രുവ് ജുറേൽ തന്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയിലെത്തി. പിന്നാലെ സിറാജ് എൽ.ബിയിൽ കുരുങ്ങി മടങ്ങുകയും ചെയ്തു. തുടർന്ന് രണ്ട് സിക്സുകളിലൂടെ ജുറേൽ സ്കോർ 500 കടത്തിയതോടെ ഇന്ത്യൻ ക്യാപ്ടൻ ഡിക്ളയർ ചെയ്തു. 177 പന്തുകളിൽ ഒൻപത് ഫോറുകളും രണ്ട് സിക്സുകളുമടക്കം 115 റൺസുമായാണ് ജുറേൽ പുറത്താകാതെ നിന്നത്. ലങ്കയ്ക്ക് വേണ്ടി അസിത ഫെർണാണ്ടോ നാലുവിക്കറ്റ് വീഴ്ത്തി. പ്രഭാത് ജയസൂര്യയും കേശവ നുവാന്തയും രണ്ട് വിക്കറ്റ് വീതം നേടി. ലാഹിരു കുമാരയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് രണ്ടാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ലാഹിരു ഉദാരയെ (1) പ്രസിദ്ധ് യശസ്വിയുടെ കയ്യിലെത്തിക്കുകയായിരുന്നു.നൈറ്റ് വാച്ച്മാനായിറങ്ങിയ പ്രഭാത് ജയസൂര്യയെ (2) മൂന്നാം ഓവറിന്റെ അവസാനപന്തിൽ മാനവ് സുതർ എൽ.ബിയിൽ കുരുക്കിയതോടെ സ്റ്റംപെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, DHRUV JUREL, SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360