ചെന്നൈ: സിനിമയിൽനിന്ന് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ജോസഫ് വിജയ്യുടെ യാത്ര രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) വക്താവ് എം. സത്യകുമാർ. നടൻ ധനുഷിന്റെ ആരാധക സംഘടനയുടെ പേര് മാറ്റിയതിനു പിന്നാലെയാണ് ടിവികെയുടെ പ്രതികരണം.
ധനുഷിന്റെ ആരാധക സംഘടനയ്ക്ക് 'ധനുഷ് നർപണി ഇയക്കം' (ധനുഷ് ക്ഷേമ പ്രസ്ഥാനം) എന്ന് പുനർനാമകരണം ചെയ്തോടെയാണ് രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയത്. കോയമ്പത്തൂരിൽ നടന്ന യോഗത്തിൽ മൂവായിരത്തോളം ഭാരവാഹികൾ പങ്കെടുത്തിരുന്നു. അച്ചടക്കം, സാമൂഹിക സേവനം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്കായിരുന്നു യോഗത്തിൽ ഊന്നൽ. എന്നാൽ, ധനുഷ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല.
രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതിയ സംരംഭങ്ങൾക്ക് ടി.വി.കെ പ്രചോദനമാകുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് എം. സത്യകുമാർ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനമുണ്ടെന്നും അത്ര എളുപ്പത്തിൽ ആവർത്തിക്കാവുന്ന ഒന്നല്ല അതെന്നും സത്യകുമാർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് വിജയ് തന്റെ ആരാധക സംഘടനയെ സാമൂഹിക സേവനത്തിനുള്ള വേദിയാക്കി മാറ്റിയിരുന്നു. സൗജന്യ ഭക്ഷണ വിതരണം, ലൈബ്രറികൾ സ്ഥാപിക്കൽ, നിയമസഹായം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആരാധകരെ സംഘടിപ്പിച്ചു. പിന്നീട് ഈ ശൃംഖല ടി.വി.കെ എന്ന സംഘടനയുടെ അടിത്തറയുടെ ഭാഗമായി മാറി.
ധനുഷിന്റെ ആരാധക സംഘടനയിലും സമാനമായ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോയമ്പത്തൂരിൽ നടന്ന യോഗത്തിൽ സംഘടനയുടെ ഭാരവാഹികൾ ഒത്തുചേർന്നു. മുൻ മാദ്ധ്യമപ്രവർത്തകനും എ.ഐ.എ.ഡി.എം.കെ എം.പിയുമായിരുന്ന റാബി ബെർണാഡ് യോഗത്തിൽ അച്ചടക്കത്തെയും ക്ഷേമപ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു. ഐ.എസ്.ആർ.ഒയിലെ ഒരു ശാസ്ത്രജ്ഞനും ഒരു പ്രസംഗം നടത്തി.
ടി.വി.കെ രൂപീകരിച്ചിട്ട് രണ്ടുവർഷം മാത്രമായെങ്കിലും അതിന്റെ അടിത്തറ അതിനും വളരെ മുമ്പേ രൂപപ്പെട്ടതാണെന്ന് സത്യകുമാർ പറഞ്ഞു. ആരാധക കൂട്ടായ്മയായി ആരംഭിച്ച സംഘടനയെ 33 വർഷംകൊണ്ടാണ് വിജയ് സേവനപ്രസ്ഥാനമായി വളർത്തിയെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. വിജയ്ക്കൊപ്പം പ്രയാസഘട്ടങ്ങളിൽ നിലയുറപ്പിച്ച സാധാരണ ആരാധകരിൽ ചിലർ ഇന്ന് മന്ത്രിമാരായെന്നും സത്യകുമാർ പറഞ്ഞു. വിജയ്യുടെ രാഷ്ട്രീയ പ്രവർത്തനരീതി അതേപടി അനുകരിക്കുക എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എൻ. അണ്ണാദുരൈയും എം. കരുണാനിധിയും എഴുത്തിലൂടെയും തിരക്കഥകളിലൂടെയും ദ്രാവിഡ രാഷ്ട്രീയത്തെ സ്വാധീനിച്ചവരാണ്. സിനിമാതാരങ്ങളായിരുന്ന എം.ജി. രാമചന്ദ്രനും ജെ. ജയലളിതയും പിന്നീട് മുഖ്യമന്ത്രിമാരായി. എന്നാൽ, സിനിമയിലെ ജനപ്രീതി മാത്രം രാഷ്ട്രീയ വിജയത്തിന് ഉറപ്പല്ലെന്നതും തമിഴ്നാട്ടിന്റെ രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നു. ശിവാജി ഗണേശൻ, വിജയകാന്ത്, ശരത്കുമാർ, കമൽഹാസൻ തുടങ്ങിയ താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും മുഖ്യമന്ത്രിപദത്തിലെത്തിയില്ല. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഏറെ ചർച്ചകൾക്കൊടുവിൽ രജനികാന്ത് നീക്കത്തിൽനിന്ന് പിന്മാറുകയും ചെയ്തു. ഇതിനിടെയാണ് ദളപതി വിജയ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിപദത്തിലെത്തിയത്.
Tamilaga Vettri Kazhagam (TVK) spokesperson M. Sathyagumar has said that actor Joseph Vijay's journey from cinema to the Chief Minister's chair is an inspiration for those who wish to enter politics. His comment came after actor Dhanush's fan association was renamed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |