
മുംബയ്: മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തിയ ഒറാങ്കൂട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ്കൂട്ടാനെയാണ് അഹമ്മദാബാദിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃഗത്തെ സ്വന്തം ജന്മനാട്ടിൽ എത്തിക്കുന്നത്.
താനെ ഫോറസ്റ്റ് ഡിവിഷന്റെ പരിശോധനയിൽ ഡോംബിവിലിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഒറാങ്കൂട്ടാനെ കണ്ടെത്തിയത്. കൂട്ടിലടച്ചനിലയിൽ കണ്ടെത്തിയ ഒറാങ്കൂട്ടാനെ നാഗ്പൂരിലെ സുവോളജിക്കൽ പാർക്കിലേക്കാണ് ആദ്യം അയച്ചത്. പിന്നീട് സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഗുജറാത്തിലെ സ്വകാര്യ വന്യജീവി സംരക്ഷണകേന്ദ്രമായ വൻതാരയിലേക്ക് മാറ്റി. തുടർന്ന് ഇവിടെയാണ് ഒറാങ്കൂട്ടാനെ പരിചരിച്ച് വന്നിരുന്നത്. ഇന്തോനേഷ്യയിലെത്തിച്ച ഒറാങ്കൂട്ടാനെ താത്കാലിക ക്വാറന്റീന് ശേഷം വടക്കൻ സുമാത്രയിലെ കേന്ദ്രത്തിലേക്ക് മാറ്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |