SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.28 AM IST

കലാപം തടയാനായില്ല: ഫ്രാൻസിലുണ്ടായത് വൻ സുരക്ഷാ വീഴ്ച

d

 കുറ്റസമ്മതവുമായി ഫ്രഞ്ച് പ്രസിഡന്റ്
 ആശങ്കയിൽ യൂറോപ്പ്

പാരീസ്: രാജ്യത്തെ നടുക്കിയ കലാപം തടയുന്നതിൽ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ഫ്രാൻസിന്റെ കുറ്റസമ്മതം. കലാപകാരികളെ നിയന്ത്രിക്കുന്നതിലും അക്രമം മുൻകൂട്ടി കാണുന്നതിലും വീഴ്ചയുണ്ടായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആഭ്യന്തര മന്ത്രി ലോറന്റ് നൂന്യസും പറഞ്ഞു.

പൊലീസിന്റെ കൈയ്യിൽ നിന്ന് സുരക്ഷാ നിയന്ത്രണം നഷ്ടമായി. 2 ലക്ഷം പേർ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് പ്രവചിച്ചത്. എന്നാൽ,വിദ്യാർത്ഥി സംഘടനകളും തൊഴിലാളി യൂണിയനുകളും കൂട്ടായ്മകളുടക്കം 5 ലക്ഷത്തിലേറെ പേർ തെരുവുകൾ യുദ്ധക്കളമാക്കി. വിന്യസിച്ചത് 60,000 പൊലീസുകാരെ. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾക്കെതിരെ മുൻകരുതലും സ്വീകരിച്ചില്ല. ഉത്തരവാദിത്വം ഏറ്റെടുത്ത് നൂന്യസ് രാജിക്ക് തയ്യാറായെങ്കിലും മാക്രോൺ നിരസിച്ചു. പുതിയ സുരക്ഷാ നടപടികൾ ഏർപ്പെടുത്താനും ഇന്റലിജൻസ് വിടവുകൾ നികത്താനും നിർദ്ദേശിച്ചു.

ഭാഗിക കർഫ്യൂ ഏർപ്പെടുത്താനുള്ള അനുമതി നഗരങ്ങൾക്ക് നൽകി. കലാപം നാശവിതച്ച മാർസേയ് നഗരത്തിൽ ഇന്നലെ കൂട്ടംചേരലുകൾക്ക് വിലക്കേർപ്പെടുത്തി. അദ്ധ്യാപക ക്ഷാമം,സ്കൂളുകളിലെ മോശം സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സെപ്തംബറിൽ ജെൻ ആൽഫ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭമാണ് ശനിയാഴ്ച ഫ്രാൻസിൽ വിലക്കയറ്റത്തിന്റെ പേരിലെ കലാപമായി മാറിയത്. അറസ്റ്റിലായ 2,400 പേരിൽ 30 ശതമാനത്തോളം പ്രായപൂർത്തിയാകാത്തവരാണ്.



കുടിയേറ്റ നയങ്ങൾ

പൊളിച്ചെഴുതണം

ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ, അൽബേനിയ, ബെൽജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലേക്കും പ്രക്ഷോഭം പടർന്നതോടെ യൂറോപ്പിൽ സുരക്ഷാ ആശങ്ക ശക്തം. ഉയർന്ന ജീവിതച്ചെലവും ഭവന പ്രതിസന്ധിയുമാണ് കാരണം. അനിയന്ത്രിത കുടിയേറ്റമാണെന്ന് അസ്ഥിരതയ്ക്ക് പിന്നിലെന്ന് ആരോപിക്കുന്ന വലതുപക്ഷ പാർട്ടികൾ, അതിർത്തി-കുടിയേറ്റ നയങ്ങൾ തിരുത്തണമെന്ന ആവശ്യം ശക്തമാക്കി.


ചെലവുകൾ

താങ്ങാൻവയ്യ


1. പശ്ചിമേഷ്യൻ, യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. അവശ്യവസ്തുക്കൾക്ക് തീവില. വീട്ടുവാടക ഇരട്ടിയായി. ശമ്പളം മതിയാകുന്നില്ല. തൊഴിലില്ലായ്മ.

2. ചെലവ് ചുരുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ പൊതു ബഡ്ജറ്റിൽ നിന്ന് കോടിക്കണക്കിന് യൂറോ വെട്ടിക്കുറച്ചു. അടിസ്ഥാന സൗകര്യങ്ങൾക്ക് ഫണ്ട് തികയാത്ത അവസ്ഥയ്ക്കും പൊതുസേവനങ്ങളുടെ തകർച്ചയ്ക്കും ഇടയാക്കി.

അക്രമം ബോധപൂർവം


 സമാധാനപരമായ പ്രതിഷേധങ്ങളെ ബോധപൂർവം അക്രമാസക്തമാക്കുന്നു. ഫ്രാൻസിൽ അക്രമം അഴിച്ചുവിട്ടത് തീവ്ര ഇടതുപക്ഷ ഗ്രൂപ്പ് അംഗങ്ങളും മോഷ്ടാക്കളും ചേർന്ന്

 ഇറ്റലിയിൽ മിലാൻ, ടൂറിൻ, ബൊലോന്യ എന്നിവിടങ്ങളിൽ മുഖംമൂടി ധരിച്ച പ്രക്ഷോഭകാരികൾ പൊലീസുമായി ഏറ്റുമുട്ടി. ബാരിക്കേഡുകൾ കത്തിച്ചു. പൊലീസിന് നേരെ കല്ലേറ്. വ്യാപക മോഷണം

 ലിസ്ബണിലും (പോർച്ചുഗൽ), മാഡ്രിഡിലും (സ്പെയിൻ) ഉയർന്ന വീട്ടുവാടകയുടെ പേരിലും ബെൽജിയത്തിലും ഓസ്ട്രിയയിലും വിദ്യാഭ്യാസ സംവിധാനങ്ങളിലെ പാളിച്ചകൾ കാട്ടിയും പ്രക്ഷോഭം

 അൽബേനിയയിൽ വിദ്യാർത്ഥി പ്രക്ഷോഭം ഭരണമാറ്റം ആവശ്യപ്പെട്ടുള്ള 'ഫ്ലെമിംഗോ വിപ്ലവ'മായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360