SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.17 AM IST

അഫ്‌ഗാനിസ്ഥാനിൽ പോഷകാഹാര പ്രതിസന്ധി രൂക്ഷം; പത്തുലക്ഷം കുട്ടികളുടെ ജീവൻ ഭീഷണിയിലെന്ന് ഐക്യരാഷ്‌ട്രസഭ

-afghan-children-
അഫ്‌ഗാനിലെ കുട്ടികൾ

കാബൂൾ: പോഷകാഹാരക്കുറവ് നേരിടുന്നതിനെ തുടർന്ന് പത്തുലക്ഷം കുട്ടികൾക്ക് അഫ്ഗാനിസ്ഥാനിൽ ജീവൻ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. രാജ്യത്താകെ 37 ലക്ഷം കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവിന്റെ ഭാഗമായ 'വെയ്സ്റ്റിംഗ്' അനുഭവിക്കുന്നതായി യുഎൻ ശിശുക്ഷേമ ഏജൻസിയായ യുനിസെഫ് അറിയിച്ചു.

ഇവരിൽ പത്തുലക്ഷം കുട്ടികൾ ജീവന് ഭീഷണിയാകുന്ന അതിഗുരുതരമായ പോഷകാഹാരക്കുറവിലാണെന്ന് യുനിസെഫിന്റെ അഫ്ഗാനിസ്ഥാൻ പ്രതിനിധി തജുദീൻ ഒയേവാലെ ജനീവയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. അടിയന്തര ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരിൽ വലിയൊരു വിഭാഗം മരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

പതിറ്റാണ്ടുകളായി ആഭ്യന്തരയുദ്ധങ്ങൾ അടക്കം നേരിടുന്ന അഫ്‌ഗാൻ പലതവണ കടുത്ത ഭക്ഷ്യക്ഷാമത്തിനും പട്ടിണിക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2021ൽ യുഎസ് നേതൃത്വത്തിലുള്ള സേന പിൻവാങ്ങിയതിനെ തുടർന്ന് താലിബാൻ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്ത് സാമ്പത്തിക തകർച്ചയും രൂക്ഷമായി.


പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളിൽ ഏകദേശം 40 ശതമാനവും ആറുമാസം പോലും തികയാത്ത കുഞ്ഞുങ്ങളാണ്. രണ്ടുവയസിൽ താഴെയുള്ള കുട്ടികളാണ് പോഷകാഹാരക്കുറവിന്റെ 80 ശതമാനത്തിലേറെയും. രാജ്യത്താകെ പോഷകാഹാര പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണെന്നും അഫ്‌ഗാൻ പ്രതിനിധി പറഞ്ഞു. 2025 ജൂലായിൽ ഗുരുതരമായ പോഷകാഹാരക്കുറവുള്ള ആറായിരത്തോളം കുട്ടികളെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചതെങ്കിൽ ഈ വർഷം ജൂലായിൽ എണ്ണം 8,000 കടന്നു.

തെക്കൻ അഫ്‌ഗാനിസ്ഥാനിലെ ചില ആശുപത്രികളിൽ ലഭ്യമായ ഓരോ കിടക്കയ്ക്കും മൂന്നോ നാലോ ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾ വീതം എത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഓരോ കുടുംബങ്ങളും പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതും ഭക്ഷണം കുറഞ്ഞ അളവിൽ മാത്രം നൽകുന്നതും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. മുലപ്പാലിന് ശേഷം കുട്ടികൾക്ക് ലഭിക്കുന്ന ആദ്യ ഭക്ഷണം ചായയ്‌ക്കൊപ്പം അൽപ്പം റൊട്ടിയോ വെള്ളം ചേർത്ത തൈരോ മാത്രമായി ചുരുങ്ങുന്ന സാഹചര്യമുണ്ട്. വളർച്ചയുടെ ഘട്ടത്തിലുള്ള കുട്ടികൾക്ക് ഇത് മതിയായ പോഷണം നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോഷകാഹാരക്കുറവിനെ തുടർന്ന് കുട്ടികൾക്ക് ഗുരുതരമായ വയറിളക്കമോ ശ്വാസകോശ അണുബാധയോ ഉണ്ടാകുകയും തുടർന്ന് കൂടുതൽ പോഷകാഹാരക്കുറവിലേക്ക് നീങ്ങുകയും ചെയ്യുന്ന 'ദുഷിച്ച ചക്രത്തിൽ' അവർ അകപ്പെടുകയാണെന്നും അഫ്‌ഗാൻ പ്രതിനിധി വിശദീകരിച്ചു. തുടർച്ചയായ വരൾച്ച, മിന്നൽപ്രളയം, പ്രാദേശിക അസ്ഥിരത, അതിർത്തി കടന്നുള്ള വ്യാപാരത്തിലെ തടസങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

2023 മുതൽ വിദേശത്തുനിന്ന് ആറുകോടിയോളം അഫ്‌ഗാനികൾ രാജ്യത്തേക്ക് മടങ്ങിയെത്തിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. മടങ്ങിയെത്തിയവരിൽ പകുതിയിലധികവും കുട്ടികളാണ്. ആവശ്യമായ ചികിത്സ ലഭിച്ചാൽ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകുമെങ്കിലും, ചികിത്സയ്ക്ക് ശേഷം അവർ അതേ പ്രതികൂല സാഹചര്യങ്ങളിലേക്ക് മടങ്ങേണ്ടിവരുന്നുവെങ്കിൽ വീണ്ടും പോഷകാഹാരക്കുറവിലേക്ക് വീഴുന്ന സാഹചര്യമുണ്ടാകും. അതേസമയം, കുട്ടികളുടെ ആവശ്യങ്ങൾ വർദ്ധിച്ചുവരുമ്പോഴും അന്താരാഷ്ട്ര സഹായം വെട്ടിക്കുറച്ചതോടെ ചികിത്സാ സംവിധാനങ്ങൾ ചുരുങ്ങുകയാണ്. പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് ചികിത്സ നൽകിയിരുന്ന നൂറിലധികം കേന്ദ്രങ്ങൾ 2025 മുതൽ അടച്ചുപൂട്ടിയതായും യുനിസെഫ് അറിയിച്ചു.

അഫ്ഗാനിലെ യുനിസെഫിന്റെ പോഷകാഹാര പദ്ധതിക്ക് ഈ വർഷം 18 കോടി ഡോളറാണ് ആവശ്യമായി കണക്കാക്കുന്നത്. എന്നാൽ ഇതുവരെ 22 ശതമാനം മാത്രമാണ് ഫണ്ട് ലഭിച്ചത്. 'ഒരു കുട്ടി ഗുരുതരാവസ്ഥയിൽ മെലിഞ്ഞ് ആശുപത്രിക്കിടക്കയിൽ എത്തുന്നതുവരെ കാത്തിരിക്കാതെ ഇപ്പോൾ തന്നെ നടപടിയെടുക്കണമെന്നും അഫ്ഗാൻ പ്രതിനിധി ഒയേവാലെ കൂട്ടിച്ചേർത്തു.

English Summary

UNICEF warns one million children in Afghanistan face death from severe acute malnutrition, with 3.7 million suffering 'wasting.' The crisis is fueled by economic collapse and conflict. Hospitals are overwhelmed; over 100 treatment centers closed due to reduced international aid, underscoring urgent life-saving needs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE THREATENING, MALNUTRITION, AFGANISTAN, LATETSNEWS, UN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360