
ചെലവഴിച്ചത് 25 കോടിയെന്ന് റിപ്പോർട്ട്
ഓപ്പറേഷൻ സിന്ദൂറിനിടെ തകർത്തത്
ഇസ്ലാമാബാദ്: ഭീകരർക്ക് സുരക്ഷിത താവളമൊരുക്കി ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാൻ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തെറിഞ്ഞ ഭീകര കേന്ദ്രം കോടികൾ ചെലവഴിച്ച് വീണ്ടും പ്രവർത്തന സജ്ജമാക്കിയിരിക്കുകയാണ് പാക് സർക്കാരും ചാര സംഘടനയായ ഐ.എസ്.ഐയും. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപ്പൂരിൽ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ' മർകസ് സുബാനല്ല ' എന്ന ആസ്ഥാന കെട്ടിടമാണ് പാക് സർക്കാരിന്റെ ധനസഹായത്തോടെ പുനർനിർമ്മിച്ചത്. ആസ്ഥാനത്തിന്റെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമം പുറത്തുവിട്ടു. കെട്ടിടത്തിന്റെ നിലം മുഴുവനും മാർബിൾ പാകി.
കെട്ടിടം പുനർനിർമ്മിക്കാൻ ഏകദേശം 25 കോടി പാകിസ്ഥാനി രൂപ ജെയ്‌ഷെയ്ക്ക് സർക്കാർ പല ഗഡുക്കളായി കൈമാറിയെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഭീകരർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും പരിശീലന കേന്ദ്രങ്ങളും കെട്ടിടത്തോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി 2025 മേയിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെയാണ് ഇന്ത്യ ജെയ്ഷെ ആസ്ഥാനം അടക്കം പാക് ഭീകര കേന്ദ്രങ്ങൾ തകർത്തത്.
മസൂദ് അസറിന്റെ
പ്രധാന ഹബ്ബ്
പാകിസ്ഥാൻ ആർമിയുടെ 31 -ാം കോറിന്റെ ആസ്ഥാനത്ത് നിന്ന് 8 കിലോമീറ്റർ അകലെയാണ് മർകസ് സുബാനല്ല. 15 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ബഹവൽപ്പൂർ പട്ടണത്തിന് നടുവിലാണ് കെട്ടിടം
അന്താരാഷ്ട്ര വിലക്കുകൾ മറികടന്ന് ഇവിടേക്ക് ധനസഹായം എത്തുന്നത് വിവിധ ട്രസ്റ്റുകൾ വഴി. സർക്കാർ രേഖകളിൽ ഇവിടം രേഖപ്പെടുത്തിയിരിക്കുന്നത് മതപഠനശാല എന്ന്
2009 മുതൽ ജെയ്ഷെ തലവനും ആഗോളഭീകരനുമായ മസൂദ് അസറിന്റെ കീഴിൽ തീവ്രവാദത്തിന്റെ പ്രധാന ഹബ്ബായി പ്രവർത്തിച്ചു. തീവ്രവാദം വ്യാപിപ്പിക്കുന്നതിനും ചാവേർ സ്ഫോടനങ്ങൾക്കും പരിശീലനം. വലിയ മദ്രസയും വിപുലമായ പരിശീലന ക്യാമ്പുകളുമുണ്ട്. പാർലമെന്റ് ആക്രമണം (2001), പഠാൻകോട്ട് (2016), പുൽവാമ (2019) തുടങ്ങി ഇന്ത്യയിലുണ്ടായ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും സൂത്രധാരനാണ് അസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |