മരിച്ച ഹിന്ദു കുടുംബാംഗങ്ങൾ
ധാക്ക: ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗ്ലാദേശിലെ റംഗ്‌പൂരിലാണ് സംഭവം. റംഗ്പൂരിലെ ദാസ്പാറ (മച്ചുവാപാറ) മേഖലയിലെ വീട്ടിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് ഹിന്ദു കുടുംബത്തിെന്റെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വിരമിച്ച അദ്ധ്യാപകനും ഭാര്യയും മക്കളുമാണ് മരിച്ചത്. ഗണപതി ചക്രവർത്തി (65), ഭാര്യ പ്രിതിലത (50), മകൾ അഗാമി (23), മകൻ പ്രിയം (12) എന്നിവരാണ് മരിച്ചത്. കഴുത്തുഞെരിച്ചാകാം മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീടിന്റെ വിവിധ ഭാഗങ്ങളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗണപതിയുടെ മൃതദേഹം വീടിന്റെ മേൽക്കൂരയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങൾ കോണിപ്പടിയിലും മകന്റെ മൃതദേഹം കട്ടിലിനടിയിലുമായിരുന്നു പൊലീസ് കണ്ടെത്തിയത്. വീട്ടിലെ ഗൃഹോപകരണങ്ങൾ ചിതറിക്കിടന്ന നിലയിലായിരുന്നെന്നും മോഷണം നടന്നതായാണ് നിലവിലെ നിഗമനമെന്നും റംഗ്‌പൂർ മെട്രോപൊളിറ്റൻ സിഐഡി ഇൻചാർജ് സുബീർ ചൗധരി പറഞ്ഞു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങൾ റംഗ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പൊലീസ്, സിഐഡി, ഡിറ്റക്ടീവ് സംഘങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച മുതൽ കുടുംബാംഗങ്ങളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നാല് പേരുടെയും മൊബൈൽ ഫോണുകളും വ്യാഴാഴ്ച രാത്രി മുതൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ഗണപതിയുടെ ബന്ധുവായ പൂജ ചക്രവർത്തി പറഞ്ഞു.
ശനിയാഴ്ച രാത്രി ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിലെ ലൈറ്റുകളും അണഞ്ഞുകിടന്നു. തുടർന്ന് പൊലീസെത്തി പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിൽ റംഗ്പൂർ ജില്ലാ സ്‌കൂളിൽനിന്ന് വിരമിച്ച ഗണപതി പിന്നീട് ഹോമിയോപ്പതി ചികിത്സകനായി ജോലി ചെയ്യുകയായിരുന്നു. മകൾ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മകൻ.
നാലുവർഷത്തോളമായി കുടുംബം ഈ പ്രദേശത്താണ് താമസിച്ചിരുന്നത്. ഗണപതി പണികഴിപ്പിച്ച മൂന്ന് നില വീടിന്റെ നിർമാണം പൂർണമായും പൂർത്തിയായിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവം ഗൗരവമായി അന്വേഷിക്കുകയാണെന്ന് റംഗ്പൂർ പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും അക്രമസംഭവങ്ങളും സംബന്ധിച്ച് നേരത്തെയും ആശങ്കകൾ ഉയർന്നിട്ടുണ്ട്. എന്നാൽ റംഗ്പൂരിലെ കുടുംബത്തിന്റെ മരണത്തിന് മതപരമായ വൈരാഗ്യമാണോ കാരണമാണെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല.
A Hindu family of four, including a retired teacher, his wife, and two children, was found dead inside their home in Rangpur, Bangladesh, on Saturday night. Police suspect strangulation and a possible robbery, noting scattered household items. Authorities are conducting a joint investigation, and post-mortem reports are awaited to determine the exact cause of death.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |