
ഡിസംബറിൽ പ്രഖ്യാപിച്ചത് 3.3 ലക്ഷം കോടി
38 ലക്ഷം തൊഴിലവസരം
കൊച്ചി: ഇന്ത്യയിൽ ഭീമമായ നിക്ഷേപവുമായി വീണ്ടും അമേരിക്കൻ കമ്പനി ആമസോൺ. എ.ഐ, ക്ളൗഡ് അടിസ്ഥാന സൗകര്യ വികസനത്തിന് 1.23 ലക്ഷം കോടി രൂപയുടെ (1,300 കോടി ഡോളർ) അധിക നിക്ഷേപമാണ് ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറിൽ 3.3 ലക്ഷം കോടി രൂപയുടെ (3,500 കോടി ഡോളർ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 2030നകം 38 ലക്ഷം തൊഴിലവസരവും സൃഷ്ടിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ആമസോൺ സി.ഇ.ഒ ആൻഡി ജാസിയാണ് പ്രഖ്യാപനം നടത്തിയത്. ആമസോണിന് മോദി നന്ദിയറിയിച്ചു. മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ എ.ഡബ്ലിയു.എസ് ഡാറ്റ സെന്ററുകളും എ.ഐ കാപ്പബിലിറ്റിയും ഇ- കോമേഴ്‌സ്, ലോജിസ്‌റ്റിക‌്‌സ് സൗകര്യങ്ങളും വികസിപ്പിക്കുകയാണ് ആമസോൺ. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ സ്ഥാപനമായും രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായും ആമസോൺ മാറുകയാണ്.
ഇന്ത്യയിൽ ഡാറ്റ സെന്ററുകൾ സ്ഥാപിക്കാനും എ.ഐ സേവനം വിപുലപ്പെടുത്താനുമായി ഗൂഗിളും മൈക്രോസോഫ്‌റ്റും മെറ്റയും വൻ നിക്ഷേപം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡാറ്റ സെന്റർ, ക്ളൗഡ് ഇൻഫ്രാസ്ട്രക്‌ചർ എന്നിവയിൽ ഗൂഗിൾ 1.3 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മൈക്രോസോഫ്‌റ്റ് 1.65 ലക്ഷം കോടിയാണ് പ്രഖ്യാപിച്ചത്. മെറ്റ തുക വെളിപ്പെടുത്തിയിട്ടില്ല.
40 ലക്ഷം കുട്ടികൾക്ക്
എ.ഐ വിദ്യാഭ്യാസം
1.ഇരുപതിലധികം പുതിയ ഫുൾഫിൽമെന്റ് സെന്ററുകൾ
2.രാജ്യമൊട്ടാകെ നൂറിലധികം ഡെലിവറി സ്റ്റേഷനുകൾ
3.40 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് എ.ഐ വിദ്യാഭ്യാസം
4.ഡെലിവറി അസോസിയേറ്റുകൾക്കായി സമ്മാൻ പദ്ധതി
8.36 ലക്ഷം കോടി രൂപ
(2010- 2030 വരെ ആമസോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം)
ഇന്ത്യ പ്രധാന വിപണി
ഇ- കൊമേഴ്‌സ്, എ.ഐ, ക്ലൗഡ്, വിനോദം തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്ക് വിപുല സാദ്ധ്യതകളുണ്ടെന്ന് ആൻഡി ജാസി പറഞ്ഞു. രാജ്യത്തെ 1.2 കോടി ചെറുകിട ബിസിനസുകളെ ഡിജിറ്റൈസ് ചെയ്യാൻ ആമസോണിന് കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |