
വാഷിംഗ്ടൺ: വിവാഹാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം വധു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഭർത്താവ് 13 വർഷത്തിന് ശേഷം പൊലീസ് കസ്റ്റഡിയിൽ. വിവാഹരാത്രിയിൽ സ്വന്തം ഭാര്യയെ കുത്തിക്കൊന്ന കേസിലാണ് അർണോൾഡോ ജിമെനെസ് എന്ന നാല്പത്തിനാലുകാരനെ അമേരിക്കൻ പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. 13 വർഷമാണ് ഇയാൾ നിയമത്തിന്റെ കണ്ണുവെട്ടിച്ച് നടന്നത്.
2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അർണോൾഡോ ജിമെനെസും എസ്ട്രല്ല കരേര എന്ന ഇരുപത്തിയാറുകാരിയും 2012 മേയ് 11ന് ചിക്കാഗോ സിറ്റി ഹാളിൽവച്ച് വിവാഹിതരായി. ആഘോഷപൂർവം നടന്ന വിവാഹസല്ക്കാരത്തിന് ശേഷം കരേരയെ പിന്നെയാരും ജീവനോടെ കണ്ടിട്ടില്ല. വിവാഹദിവസത്തിന് ശേഷം കരേരയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇലിനോയിസിലെ ബർബങ്കിലുള്ള അപ്പാർട്മെന്റിലെ ബാത്ത് ടബ്ബിൽ കുത്തേറ്റുമരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്.
വിവാഹ റിസപ്ഷനിൽ ധരിച്ചിരുന്ന അതേ വസ്ത്രമായിരുന്നു യുവതിയുടെ മൃതദേഹത്തിലും ഉണ്ടായിരുന്നത്. നെഞ്ചിലും വയറിലും ഇടതുകൈയിലും കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കരേരയുടെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
അന്വേഷണത്തിൽ കാറിനുള്ളിൽവച്ചാണ് കരേരയെ കുത്തിക്കൊലപ്പെടുത്തിയതെന്നും പിന്നീട് മൃതദേഹം അപ്പാർട്ട്മെന്റിലെ ബാത്ത് ടബ്ബിലേക്ക് മാറ്റിയെന്നുമാണ് കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മെക്സിക്കോയിലേക്ക് കടന്ന ജിമെനെസ് വർഷങ്ങളോളം ഒളിവിൽ കഴിയുകയായിരുന്നു. 2025 ജനുവരിയിൽ മെക്സിക്കൻ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തു. ഇന്റർപോളിന്റെയും മെക്സിക്കൻ അധികൃതരുടെയും സഹായത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇയാളെ ചിക്കാഗോയിലെത്തിച്ചത്. തുടർന്ന് ഇയാളെ കുക്ക് കൗണ്ടി കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |