SignIn
Kerala Kaumudi Online
Friday, 26 June 2026 2.39 AM IST

വെനസ്വേലയിലെ ഇരട്ട ഭൂചലനം; മരണസംഖ്യ 164 ആയി ഉയർന്നു, 971 പേർക്ക് പരിക്ക്

READ ENGLISH VERSION
venezuela-earthquake

കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 164 ആയി ഉയർന്നു. 971 പേർക്ക് പരിക്കേറ്റതായും ആക്‌ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. നേരത്തെ 32 പേർ മരിച്ചതായാണ് പ്രസിഡന്റ് അറിയിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അവർ അറിയിച്ചു.

മിനിട്ടുകളുടെ വ്യത്യാസത്തിൽ തുടർച്ചയായി ശക്തമായ രണ്ട് ഭൂചലനങ്ങളാണ് വെനസ്വേലയിൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് റിക്‌ടർ സ്‌കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണുണ്ടായത്. കാരക്കാസിന് പടിഞ്ഞാറ് 170 കിലോമീറ്റർ അകലെ കരീബിയൻ തീരത്ത് മൊറോണിന് പടിഞ്ഞാറ് ഭാഗത്തായാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 22 കിലോമീറ്റർ ആയിരുന്നു ആഴം. ഒരു മിനിറ്റിനുശേഷം 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. 10 കിലോമീറ്റർ ആഴത്തിൽ മൊറോണിന് തെക്ക് പടിഞ്ഞാറ് 16 കിലോമീറ്റർ പ്രഭവകേന്ദ്രത്തിലാണ് ഇത് ഉണ്ടായത്.

നൂറ് വർഷത്തിനിടെ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനങ്ങളാണിത്. ഭൂചലനത്തെത്തുടർന്ന് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നിന്ന് 1700 കിലോമീറ്റ‌ർ അകലെയുള്ള ബ്രസീലിലെ ആമസോണിൽ നിന്നുവരെ ആളുകളെ ഒഴിപ്പിച്ചു.

വെനസ്വേലയിൽ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂചലനത്തിൽ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നുവീണുവെന്നും തീവ്രമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. രാജ്യത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സൈമൺ ബോളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാശനഷ്ടങ്ങളുണ്ടായതിനെത്തുടർന്ന് അടച്ചു. സബ്‌വേ സർവീസുകൾ റദ്ദാക്കി. പ്രകൃതിവാതകക വിതരണം നിലച്ചു. കുറച്ച് ദിവസത്തേയ്ക്ക് സ്‌കൂളുകളിൽ ക്ളാസുകളുണ്ടാവില്ലെന്നും ഡെൽസി റോഡ്രിഗസ് അറിയിച്ചു. ചില സ്‌കൂളുകൾ പാർപ്പിടങ്ങളായും ധനസഹായ കേന്ദ്രങ്ങളായും പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, VENEZUELA EARTHQUAKE, TWIN ERATHQUAKE, EARTHQUAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360