
കാരക്കാസ്: വടക്കൻ- മദ്ധ്യ വെനസ്വേലയിൽ കൊടിയ നാശം വിതച്ച് ഇരട്ട ഭൂകമ്പം. 164 മനുഷ്യജീവനുകൾ പൊലിഞ്ഞു. 971 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക കണക്ക്. മരണസംഖ്യ ഉയർന്നേക്കും. ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായേക്കാമെന്നാണ് യു.എസ് ജിയോളജിക്കൽ സർവേയുടെ പ്രവചനം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയെന്ന് കരുതുന്ന 10,000 ത്തിലേറെ പേരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. സെക്കൻഡുകളുടെ ഇടവേളയിലാണ് ഇരട്ട ഭൂകമ്പമുണ്ടായത്. 30ലേറെ തുടർ ചലനങ്ങളുണ്ടായതോടെ ജനങ്ങൾ തുറസായ സ്ഥലങ്ങളിൽ അഭയംതേടി.
ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.34നായിരുന്നു (പ്രാദേശിക സമയം ബുധൻ വൈകിട്ട് 6.04) റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം. 39 സെക്കൻഡുകൾക്ക് ശേഷം 7.5 തീവ്രതയിൽ രണ്ടാമത്തെ ഭൂകമ്പം. പ്രധാന നഗരങ്ങളുൾപ്പെടെ കുലുങ്ങി. കെട്ടിടങ്ങൾ നിലംപതിച്ചു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലും വടക്കൻ ബ്രസീലിലും പ്രകമ്പനമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |