
അറ്റ്‌ലാന്റ : ഒരു സമനില എന്തെല്ലാം പാഠങ്ങൾ പഠിപ്പിക്കുമെന്ന് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാഫ്യുവന്റേ ഇന്നലെ കാണിച്ചുതന്നു. കേപ് വെർദേ എന്ന കുഞ്ഞൻ ടീമിനെ ശിശുക്കളായികണ്ട് തന്റെ സൂപ്പർ താരങ്ങളെ ബെഞ്ചിലിരുത്തിയപ്പോഴാണ് നിലവിലെ യൂറോകപ്പ് ജേതാക്കൾക്ക് ലോകകപ്പിലെ ആദ്യമത്സരം സമനിലയുടെ കയ്പ്പേറിയതായത്. എന്നാൽ ഇന്നലെ കൗമാരതാരം ലാമിൻ യമാലിനെയും ഡാനി ഓൾമോയേയും ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തിയത് ഉൾപ്പടെ നാലു മാറ്റങ്ങളുമായി സൗദി അറേബ്യയെ നേടരിടാനിറങ്ങിയ സ്പെയ്ൻ ജയിച്ചുകയറിയത് മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ്. ആരാധകർ സ്പെയ്ൻ എങ്ങനെ കളിക്കണമെന്ന് ആശിച്ചുവോ അങ്ങനെതന്നെയായിരുന്നു യമാലും കൂട്ടരും കളിക്കളത്തിൽ.
ഫസ്റ്റ് വിസിൽ മുതൽ സൗദിയുടെ ഹാഫിലേക്ക് ഇരച്ചുകയറുകയായിരുന്നു സ്പെയ്ൻ. യമാലും ഓൾമോയുമായിരുന്നു കുന്തമുനകൾ. തുരുതുരായുള്ള ആക്രമണങ്ങളിൽ പതറിപ്പോയ സൗദിയുടെ വലയിൽ ആദ്യം പന്തുകയറിയത് പത്താം മിനിട്ടിൽ. യമാലിന്റെ വകയായിരുന്നു ഈ ഗോൾ. തുടർന്ന് മൂന്ന് മിനിട്ടുകളുടെ മാത്രം വ്യത്യാസത്തിൽ ഒയർബാലിന്റെ വകയായി രണ്ട് ഗോളുകൾ കൂടി.ഇതോടെ 24 മിനിട്ടിനുള്ളിൽ സ്പെയ്ൻ 3-0ത്തിന് മുന്നിൽ.
തന്റെ ലക്ഷ്യം കണ്ടതിനാൽ രണ്ടാം പകുതിയിൽ ഡി ലാഫ്യുവന്റേ യമാലിനെയും ഒയർസബാലിനെയും കരയ്ക്ക് കയറ്റി. 49-ാം മിനിട്ടിൽ മാർക്ക് കുക്കെറെല്ലയുടെ ഒരുഷോട്ട് തടുക്കുന്നതിനിടെ ഗോളി ഹസൻ തമ്പക്തിയുടെ കയ്യിൽ തട്ടി വലയിലേക്ക് കയറിയത് സൗദിക്ക് മറ്റൊരാഘാതമായി. 61-ാം മിനിട്ടിൽ ഓൾമോയേയും പിൻവലിച്ച് സ്പെയ്ൻ ആക്രമണങ്ങളുടെ വീര്യം കുറച്ചു. ഇൻജുറി ടൈമിൽ ഫെറാൻ ടോറസ് സൗദി വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
സ്പെയ്ൻ ഒന്നാമത്
ഈ വിജയത്തോടെ സ്പെയ്ൻ ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളിൽ ഓരോ ജയവും സമനിലയുമായി നാലുപോയിന്റാണ് സ്പെയ്നിനുള്ളത്.കഴിഞ്ഞകളിയിൽ സൗദിയോട് സമനിലയിൽ പിരിഞ്ഞ ഉറുഗ്വേ ഒരുപോയിന്റുമായി രണ്ടാമത്.ഓരോ പോയിന്റുതന്നെയുള്ള സൗദി മൂന്നാമതും കേപ് വെർദേ നാലാമതും.
അടുത്ത ശനിയാഴ്ച ഉറുഗ്വേയ്ക്ക് എതിരെയാണ് സ്പെയ്നിന്റെ അടുത്ത മത്സരം. സൗദി അവസാനമത്സരത്തിൽ കേപ് വെർദേയെ നേരിടും.
നല്ല നാലു ഗോളുകൾ
1-0
10-ാം മിനിട്ട്
ലാമിൻ യമാൽ
2-0
21-ാം മിനിട്ട്
മൈക്കേൽ ഒയർസബാൽ
3-0
24-ാം മിനിട്ട്
മൈക്കേൽ ഒയർസബാൽ
4-0
49-ാം മിനിട്ട്
തമ്പക്തി (സെൽഫ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |