ബീജിംഗ്: ലോകത്ത് പല തരത്തിലുള്ള പാമ്പുകളുണ്ട്. നമ്മൾ കണ്ടിട്ടുള്ളതിനേക്കാൾ വ്യത്യസ്‌ത തരത്തിലുള്ള പാമ്പുകൾ മറ്റ് പല രാജ്യങ്ങളിലുമുണ്ട്. നിലവിൽ മനുഷ്യർ കണ്ടെത്തിയത് മാത്രമല്ല, വനപ്രദേശങ്ങളിൽ ഇതിലും വ്യത്യസ്‌തമായ അതിശയിപ്പിക്കുന്ന തരത്തിലുള്ള പാമ്പുകൾ ഉണ്ടാകാം. ഇപ്പോഴിതാ അത്തരത്തിലൊരു വെറൈറ്റി പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്ഞർ.
ചൈന - നേപ്പാൾ അതിർത്തിക്ക് സമീപമുള്ള വനപ്രദേശത്ത് നിന്നാണ് ഈ പുതിയ ഇനം പെൺപാമ്പിനെ കണ്ടെത്തിയത്. വലിയ മണ്ണിരയെപ്പോലെ തോന്നിപ്പിക്കുന്ന ഈ പാമ്പിന് കാഴ്‌ചശക്തിയില്ല. അതിനാൽ 'ബ്ലൈൻഡ് സ്‌നേക്ക്' വിഭാഗത്തിലാണ് ഇവ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ കരപ്രദേശത്തെ പീഠഭൂമിയായ ക്വിങ്ഹായ്-ഷിസാങിലെ (വിസ്‌തീർണം 25,00,000 ചതുരശ്ര കിലോമീറ്റർ) വനത്തിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്.
'സൂ കീസ്' എന്ന ജേണലിൽ ഈ പാമ്പിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഇൻഡോടൈഫ്ലോപ്‌സ് ഗിറോംഗെൻസിസ് (Indotyphlops gyirongensis) എന്നാണ് ഇതിന്റെ ശാസ്‌ത്രീയ നാമം. 26.5 സെന്റിമീറ്ററാണ് നീളം. പാമ്പിന്റെ തലയുടെ മുകൾഭാഗം ഇളം ക്രീം നിറത്തിലും ശരീരം ഇളം തവിട്ടുനിറത്തിലുമാണ്. തലയിൽ നിന്ന് വാലിലേക്കെത്തുമ്പോൾ ശരീരത്തിന്റെ നിറം ക്രമേണ മങ്ങുന്ന രീതിയിലാണ്.
ഭൂമിക്കടിയിലോ മരത്തടിയിലോ ഇലക്കൂമ്പാരങ്ങൾക്കിടയിലോ വസിക്കാറുള്ള മറ്റ് പാമ്പുകളെ പോലെ ഇതിന്റെ കണ്ണുകൾ വളരെ ചെറുതാണ്. ഭൂമിക്കടിയിലുള്ള ജീവിതരീതിക്കനുരിച്ചുള്ളതാണ് ഇവയുടെ രൂപവും. മണ്ണിരപ്പാമ്പ് എന്ന് അർത്ഥം വരുന്ന പുരാതന ഗ്രീക്ക് വാക്കുകളിൽ നിന്നാണ് ബ്ലൈൻഡ് സ്‌നേക്കുകൾ ഉൾപ്പെടുന്ന വിഭാഗമായ 'സ്കോലെക്കോഫിഡിയ്‌ക്ക്'(Scolecophidia) പേര് ലഭിച്ചത്.
ഈ പാമ്പിന്റെ ശരീര സവിശേഷതകളും ഡിഎൻഎയും മറ്റ് ബ്ലൈൻഡ് സ്‌നേക്കുകളിൽ നിന്ന് വ്യത്യസ്‌തമാണ്. പാമ്പ് 'ടൈഫ്ലോപിഡേ' (Typhlopidae) ഫാമിലിയിൽപ്പെട്ടതാണെന്നും ഗവേഷകർ സ്ഥിരീകരിച്ചു. അഞ്ച് ഫാമിലിയാണ് ബ്ലൈൻഡ് സ്‌നേക്ക് വിഭാഗത്തിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ഇനങ്ങളുള്ളതും വ്യാപകമായി കാണപ്പെടുന്നതും ടൈഫ്ലോപിഡേ ഫാമിലിയാണ്. സാധാരണ ഈ ഇനത്തിൽപ്പെട്ട പാമ്പുകൾക്ക് വിഷം ഉണ്ടാകാറില്ല.
ചൈന-നേപ്പാൾ അതിർത്തിക്ക് സമീപത്തായി കണ്ടെത്തിയതിനാൽ ചൈനയിൽ മാത്രമല്ല, നേപ്പാളിലെ പ്രദേശങ്ങളിലും ഇവ കാണപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ഗവേഷകർ കരുതുന്നു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ ഇത്തരം കണ്ടെത്തലുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇനിയും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.
Scientists have discovered a new species of blind snake, Indotyphlops gyirongensis, in a forest near the China-Nepal border. Measuring about 26.5 cm, the earthworm-like snake has distinct physical and genetic characteristics. Researchers confirmed it belongs to the Typhlopidae family and say further studies are needed in the region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |