SignIn
Kerala Kaumudi Online
Sunday, 26 July 2026 4.54 AM IST

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തുടങ്ങിവച്ചു, യുവാക്കൾ ഏറ്റെടുത്തു: 'പാറ്റ' പരാമർശത്തിൽ നിന്ന് മന്ത്രിയുടെ രാജി വരെ

chief-justice-surya-kant
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പാറ്റ എന്ന പരാമർശത്തിൽ നിന്നാണ് കോക്രോച്ച് ജനതാ പാർട്ടിയെന്ന (സിജെപി) യുവജനക്കൂട്ടായ്മയുടെ തുടക്കം. ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ എന്നിവയ്ക്കെതിരെ സിജെപി ആരംഭിച്ച പ്രതിഷേധം ദിവസങ്ങൾക്കകം രാജ്യവ്യാപക പ്രക്ഷോഭമായി മാറുകയായിരുന്നു.

ഒടുവിൽ വിദ്യാഭ്യാസ മന്ത്രി ധ‌ർമേന്ദ്ര പ്രധാന്റെ രാജിയുൾപ്പെടെ പ്രതിഷേധക്കാർ ഉന്നയിച്ച മൂന്നാവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ സമരം സമ്പൂർണ വിജയത്തിലെത്തി. ഇതോടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിജെപിയെന്ന യുവജന കൂട്ടായ്മ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരേടായി മാറുകയാണ്.

എല്ലാത്തിന്റെയും തുടക്കം സുപ്രീംകോടതിയിലായിരുന്നു. മേയ് 15ന് നടന്ന ഒരു കേസിന്റെ വാദത്തിനിടെയാണ് തൊഴിലില്ലാത്ത യുവാക്കൾ പാറ്റകളെപ്പോലെയാണെന്ന പരാമർശം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുകയും പിറ്റേന്ന് കോക്രോച്ച് ജനതാ പാർട്ടിയെന്ന കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. പാറ്റ എന്ന പരാമർശത്തെ പ്രതീകമാക്കിയാണ് അഭിജീത് ദിപ്കെ സിജെപി രൂപീകരിച്ചത്.

പേരിലെ കൗതുകവും സമരരീതിയിലെ വ്യത്യസ്തതയും കാരണം വളരെ വേഗത്തിൽ സമൂഹ മാദ്ധ്യമങ്ങളിലും വിദ്യാർത്ഥികൾക്കിടയിലും യുവാക്കളിലും സിജെപി ശ്രദ്ധ നേടി. ഇൻസ്റ്റഗ്രാം,​ എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ പാറ്റകളുടെ എണ്ണം ദിനംപ്രതി കൂടിവന്നു. പാറ്റകളെ നിയന്ത്രിക്കാൻ കേന്ദ്രം നിരവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ നീറ്റ് ക്രമക്കേടും ചോദ്യപ്പേപ്പ‍ർ ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളും ഉയർത്തിക്കാട്ടി പാറ്റകൾ തെരുവിലേക്കിറങ്ങി.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കാരം, ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദികൾക്കെതിരെ കർശന നടപടി തുടങ്ങിയ ആവശ്യങ്ങളുമായി സമാനതകളില്ലാത്ത സമരത്തിനാണ് സിജെപി നേതൃത്വം നൽകിയത്. ദിവസങ്ങൾക്കകം ജന്തർ മന്തറിലെ പ്രതിഷേധം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം കൂടുതൽ ശക്തമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളും യുവജനങ്ങളും ഡൽഹിയിലേക്ക് ഒഴുകിയെത്തി. ഇന്ത്യയുടെ വിവിധ നഗരങ്ങളും സമരം ഏറ്റെടുത്തു.

വിവിധ രാഷ്ട്രീയ നേതാക്കളും സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തതോടെ സമരത്തിന്റെ ഭാവം മാറി. പ്രതിഷേധങ്ങൾ കടുത്തതോടെ കേന്ദ്രസർക്കാർ ഒടുവിൽ പ്രതിരോധത്തിലാകുകയായിരുന്നു. തുടർച്ചയായ പ്രതിഷേധങ്ങൾക്കും ദേശീയതലത്തിൽ ഉയർന്ന വിമർശനങ്ങൾക്കും പിന്നാലെ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. യുവജനങ്ങളുടെ സംഘടിത പ്രതിഷേധത്തിന് മുന്നിൽ സർക്കാർ വഴങ്ങേണ്ടിവന്ന സംഭവമായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധ നേടിയ "കോക്രോച്ച് ജനതാ പാർട്ടി" പിന്നീട് വിദ്യാഭ്യാസ രംഗത്തെ ഉത്തരവാദിത്തം, സുതാര്യത, വിദ്യാർത്ഥികളുടെ ഭാവി എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി ദേശീയതലത്തിൽ ശ്രദ്ധനേടി. ഇതിനിടെ രാജ്യത്തെ യുവാക്കളെ 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ചതിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രംഗത്തെത്തി. താൻ യുവാക്കളെയല്ല പാറ്റകളെന്ന് വിളിച്ചതെന്നും രാജ്യത്തെ വ്യാജ ബിരുദധാരികളെയാണ് അങ്ങനെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം വിശദീകരണം നൽകി. ഇതിനകം പാറ്റകൾ ഇന്ത്യയൊന്നാകെ പറന്നുയർന്നു കഴിഞ്ഞിരുന്നു.

English Summary

Inspired by Chief Justice Surya Kant's "cockroach" remark, the Cockroach Janata Party (CJP) emerged as a youth movement against NEET irregularities, paper leaks, and flaws in India's education system. The protest quickly spread nationwide, gaining support from Sonam Wangchuk and thousands of students. Mounting public pressure ultimately led to the resignation of Education Minister Dharmendra Pradhan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA KANT, COCKROACH JANATA PARTY, DHARMENDRA PRADHAN RESIGNATION, SONAM WANGCHUK, ABHIJEET DIPKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360