SignIn
Kerala Kaumudi Online
Sunday, 21 June 2026 4.51 PM IST

ഫിഫ ലോകകപ്പ്:  ടുണീഷ്യയെ ഗോൾമഴയിൽ മുക്കി,​ ജപ്പാന് ചരിത്ര മുന്നേറ്റം

team-japan

മൊന്റെറെയ് (മെക്സിക്കോ): ഫിഫ ലോകകപ്പിൽ ടുണീഷ്യയെ ഗോൾമഴയിൽ മുക്കി ജപ്പാന് ഉജ്ജ്വല വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ടുണീഷ്യയെ ജപ്പാൻ തകർത്തത്. ലോകകപ്പ് ചരിത്രത്തിൽ ജപ്പാൻ നേടുന്ന ഏറ്റവും മികച്ച മാർജിനിലുള്ള വിജയമാണിത്. 2002ൽ ടുണീഷ്യയ്‌ക്കെതിരെ തന്നെയും 2010ൽ ഡെന്മാർക്കിനെതിരെയും നേടിയ രണ്ട് ഗോളുകളുടെ വിജയമായിരുന്നു ഇതിനുമുമ്പ് ലോകകപ്പിൽ ജപ്പാന്റെ ഏറ്റവും മികച്ച പ്രകടനം.

മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ ഡെയ്ച്ചി കമാഡയിലൂടെ പാസ് ജപ്പാന്റെ കെയ്‌റ്റോ നകാമുറ ബോക്സിലേക്ക് നൽകിയ ക്രോസ് പ്രതിരോധിക്കാൻ ടുണീഷ്യൻ ഡിഫെൻഡർമാർക്ക് ആവുന്നതിന് മുൻപേ പന്ത് വലയിലെത്തി. തുടക്കത്തിൽ മൂന്ന് ഗോളുകൾക്ക് മുന്നിലെത്താനുള്ള അവസരങ്ങൾ ജപ്പാന് ലഭിച്ചെങ്കിലും ടുണീഷ്യൻ ഗോൾ കീപ്പർ അയ്മാൻ ദഹ്‌മെന്റെ മികച്ച സേവുകൾ അവർക്ക് തടസമായി. എന്നാൽ 31-ാം മിനിട്ടിൽ ജപ്പാന്റെ മുന്നേറ്റനിരയിലെ താരം അയാസെ ഉവേദയിലൂടെ ടീം രണ്ടാം ഗോൾ സ്വന്തമാക്കി. ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് ഉവേദ തൊടുത്ത കൃത്യതയാർന്ന ഷോട്ട് ടുണീഷ്യൻ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലതുമൂലയിലേക്ക് തുളച്ചുകയറി.


രണ്ടു ഗോളിന്റെ ലീഡിലും പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമിച്ചു കളിച്ച ജപ്പാൻ 69ാം മിനിട്ടിൽ മൂന്നാം ഗോളും നേടി. ഉവേദ നൽകിയ മികച്ച പാസ് സ്വീകരിച്ച് മുന്നേറിയ ജുൻയ ഇറ്റോയാണ് ടീമിന്റെ മൂന്നാം ഗോൾ സ്‌കോർ ചെയ്തത്. മത്സരം അവസാനിക്കാൻ ഏഴു മിനിട്ട് ബാക്കിനിൽക്കെ (83-ാം മിനിട്ട്) ജപ്പാന്റെ വിജയം പൂർത്തിയാക്കി ഉവേദ തന്റെ രണ്ടാം ഗോളും നേടി. കൈഷു സാനോ വലതുവിംഗിൽ നിന്നും നൽകിയ ഉയർന്ന ക്രോസ് ഹെഡറിലൂടെ ഉവേദ വലയിലെത്തിക്കുകയായിരുന്നു. കളിയിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവച്ച ഉവേദ തന്നെയാണ് മത്സരത്തിലെ താരം.

ചരിത്ര വിജയത്തോടെ ജപ്പാൻ പ്രീക്വാർട്ടറിലേക്ക് ഏറെക്കുറെ അടുത്തുകഴിഞ്ഞു. ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്വീഡനെതിരെ ഒരു സമനില നേടിയാൽ പോലും ജപ്പാന് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , JAPAN, FIFA WORLDCUP, TUNISIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ