SignIn
Kerala Kaumudi Online
Friday, 25 September 2026 12.28 AM IST

ശതാബ്‌ദിയോ വന്ദേഭാരതോ? വേഗത, സൗകര്യം, ഭക്ഷണം; ആരാണ് മുന്നിൽ?

train
ശതാബ്‌ദി, വന്ദേഭാരത് ട്രെയിനുകൾ

വർഷങ്ങളായി പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് വേഗത്തിലെത്തുന്നതിനായി യാത്രക്കാരിലേറെയും ആശ്രയിച്ചിരുന്ന ട്രെയിനാണ് ശതാബ്‌ദി എക്‌സ്‌പ്രസ്. എന്നാൽ, ഇന്ന് അതേ യാത്രാനുഭവത്തിന് പുതിയൊരു രൂപം നൽകിയിരിക്കുകയാണ് വന്ദേഭാരത്. വ്യത്യസ്‌തമായ രൂപകൽപന, ചില റൂട്ടുകളിൽ കൂടുതൽ വേഗത, കൂടുതൽ നവീനമായ ഇന്റീരിയർ എന്നിവയാണ് വന്ദേഭാരതിന്റെ പ്രധാന സവിശേഷതകൾ. രണ്ടു ട്രെയിനുകളും പൂർണമായും എയർ കണ്ടീഷൻ ചെയ്‌തവയാണ്. ചെയർകാർ (സിസി), എക്‌സിക്യൂട്ടീവ് ചെയർ കാർ (ഇസി) എന്നീ ക്ലാസുകൾ രണ്ടു ട്രെയിനുകളിലും ലഭ്യമാണ്. എന്നാൽ, ഈ രണ്ടു ട്രെയിനുകൾക്കും ശ്രദ്ധേയമായ ചില വ്യത്യാസങ്ങളുമുണ്ട്.

വേഗത

വന്ദേഭാരതിന് മണിക്കൂറിൽ 160 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. നിലവിൽ തുഗ്ലക്കാബാദ്-ആഗ്ര റൂട്ടുകളിലാണ് വന്ദേ ഭാരത് പരമാവധി വേഗത കൈവരിക്കുന്നത്. വളരെപെട്ടെന്ന് വേഗത വ‌ർദ്ധിപ്പിക്കാൻ കഴിയുംവിധത്തിലാണ് ട്രെയിനിന്റെ രൂപകൽപ്പന. ശതാബ്‌ദി ട്രെയിനുകൾ പൊതുവെ ഇതിലും കുറഞ്ഞ വേഗതയിലാണ് സർവീസ് നടത്തുന്നത്. ശതാബ്‌ദി ട്രെയിനുകളുടെ പരമാവധി വേഗത 130 കിലോമീറ്ററാണ്.

പകൽയാത്രയ്‌ക്കായി രൂപകൽപന ചെയ്‌തത്

സാധാരണയായി വന്ദേഭാരത്, ശതാബ്‌ദി സർവീസുകൾ പകൽയാത്രകൾ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ദീർഘദൂര യാത്രകൾക്കായാണ് വന്ദേഭാരത് അവതരിപ്പിച്ചത്. ഏകദേശം 800 കിലോമീറ്ററിൽ താഴെ ദൂരമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതോ നിലവിലെ സ‌‌ർവീസുകൾവഴി 10 മണിക്കൂറിനുള്ളിൽ എത്തിച്ചേരാവുന്നതോ ആയ റൂട്ടുകളിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. ശതാബ്‌ദി റൂട്ടുകളുടെ ദൈർഘ്യം വ്യത്യസ്‌തമാണ്. യാത്രതുടങ്ങി അതേദിവസം തന്നെ മടങ്ങിയെത്താൻ കഴിയുന്ന ട്രെയിനുകളായാണ് ശതാബ്‌ദി ട്രെയിനുകൾ അറിയപ്പെടുന്നത്.

രണ്ട് ട്രെയിനുകളിലും കോച്ചുകളുടെ ലഭ്യത എങ്ങനെയാണ്?

പകൽസമയത്തെ സാധാരണ സർവീസുകളിൽ വന്ദേഭാരതിലും ശതാബ്‌ദിയിലും എസി ചെയർക്കാർ (സിസി), എക്‌സിക്യൂട്ടീവ് ചെയർ കാർ (ഇസി) എന്നിവ ലഭ്യമാണ്. സിസി ആണ് സാധാരണ സീറ്റിംഗ് ക്ലാസ്. കൂടുതൽ വിശാലമായ സീറ്റിംഗ് സൗകര്യമാണ് ഇസിയിൽ ലഭിക്കുന്നത്. വന്ദേഭാരതിന്റെ ആധുനിക ഇന്റീരിയറിൽ പിന്നിലേക്ക് ചായ്‌ച്ച് വയ്‌ക്കാവുന്ന സീറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, ഓരോ സീറ്റിനുമുള്ള വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. എക്‌സിക്യൂട്ടീവ് ക്ലാസിലെ സീറ്റുകളുടെ ദിശ മാറ്റി ഇഷ്‌ടമുള്ള ഭാഗത്തേക്ക് അഭിമുഖമായി ഇരിക്കാനും സാധിക്കും.

ശതാബ്ദി ട്രെയിനുകളിലും ചെയർകാർ, എക്‌സിക്യൂട്ടീവ് ചെയർ കാർ സൗകര്യങ്ങളുണ്ടെങ്കിലും വന്ദേഭാരതിൽ സാധാരണയായി ലഭിക്കാത്ത ഒരു പ്രത്യേക സൗകര്യവും ലഭിക്കും. അതാണ് വിസ്റ്റാഡോം കോച്ചുകൾ. വലിയ ജനലുകൾ, ഗ്ലാസ് റൂഫ് ഭാഗങ്ങൾ, തിരിച്ചുവയ്‌ക്കാവുന്ന സീറ്റുകൾ എന്നിവയുള്ള വിസ്റ്റാഡോം കോച്ചുകൾ യാത്രയെതന്നെ ഒരു വ്യത്യ‌സ്‌ത അനുഭവമാക്കി മാറ്റുന്നു. എന്നാൽ ഇത്തരം കോച്ചുകൾ ചില പ്രത്യേക റൂട്ടുകളിൽ മാത്രമാണ് ലഭിക്കുന്നത്.

ഭക്ഷണം

രണ്ട് ട്രെയിനുകളിലും യാത്രയുടെ സമയത്തിന് അനുസരിച്ച് രാവിലത്തെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, വൈകുന്നേരത്തെ ലഘുഭക്ഷണം തുടങ്ങിയവ ലഭിക്കും. എന്നാൽ, സർവീസ് നടത്തുന്ന റൂട്ടിന് അമുസരിച്ച് ഈ മെനുവിൽ വ്യത്യാസങ്ങളുണ്ടാകും.

വന്ദേഭാരതിലെ നിലവിലെ ഭക്ഷണ മെനുവിൽ പ്രധാന ഭക്ഷണത്തിനുപുറമെ ചില അധിക വിഭവങ്ങളും ഉൾപ്പെടുത്താറുണ്ട്. സർവീസിനും തിരഞ്ഞെടുക്കുന്ന കോച്ചിനും അനുസരിച്ച് പഴങ്ങൾ, മഫിൻ, ബ്രൗണി, ഡ്രൈ ഫ്രൂട്ട്‌സ്, കാരമൽ പോപ്‌ക്കോൺ എന്നിവയും ലഭിക്കാം.

ശതാബ്‌ദി ട്രെയിനുകളിലെ യാത്രക്കാരെ സംബന്ധിച്ച് ശ്രേദ്ധേയമായ മറ്റൊരു സൗകര്യമാണ് ഐആർസിടിസി കാറ്ററിംഗ്. തിരഞ്ഞെടുത്ത സ്റ്റേഷനുകളിലെ റെസ്റ്റോറന്റുകളിൽനിന്ന് യാത്രക്കാർക്ക് ഇഷ്‌ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും. ഓർഡർ ചെയ്‌ത ഭക്ഷണം യാത്രക്കാരുടെ സീറ്റിൽതന്നെ ലഭിക്കുകയും ചെയ്യും.

English Summary

Vande Bharat offers higher speeds and modern amenities, while Shatabdi stands out with Vistadome coaches and flexible catering options.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDE BHARATH VS SHATABDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360