
വരുമാനം കുതിക്കുമ്പോഴും ലാഭം ഇടിയുന്നു
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ ക്രൂഡ് വില കുതിച്ചുയർന്നതോടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭസമ്മർദ്ദം ശക്തമാകുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ വരുമാനം കുതിച്ചുയർന്നെങ്കിലും ലാഭത്തിൽ ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട പ്രവർത്തന ഫലമനുസരിച്ച് ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും(എച്ച്.പി.സി.എൽ) അറ്റാദായത്തിൽ ഇടിവുണ്ടായി. റിഫൈനിംഗ് ബിസിനസിൽ മികച്ച മാർജിൻ ലഭിക്കുമ്പോഴും പെട്രോൾ, ഡീസൽ വിൽപ്പനയിലെ കുറഞ്ഞ വിപണന മാർജിനാണ് തിരിച്ചടിയായത്.
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ബി.പി.സി.എല്ലിന്റെ അറ്റാദായം 22.5 ശതമാനം കുറഞ്ഞ് 4,993 കോടി രൂപയായി. വരുമാനം 29.8 ശതമാനം വളർച്ചയോടെ 1.58 ലക്ഷം കോടി രൂപയായിട്ടും കമ്പനിക്ക് നേട്ടമായില്ല. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം ഇക്കാലയളവിൽ 9.1 ശതമാനം ഇടിഞ്ഞ് 3,483 കോടി രൂപയായി. വരുമാനം 26.2 ശതമാനം ഉയർന്ന് 1.39 ലക്ഷം കോടി രൂപയിലെത്തി.
വിപണന നഷ്ടം വിനയായി
ക്രൂഡ് വിലക്കയറ്റത്തിന് ആനുപാതികമായി ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പന വില ഉയർത്താൻ കഴിയാതിരുന്നതാണ് വിപണന വിഭാഗത്തിന്റെ ലാഭത്തെ ബാധിച്ചത്. ബി.പി.സി.എൽ 330 കോടി രൂപയുടെ വിപണന ഇൻവെന്ററി നഷ്ടവും 397 കോടി രൂപയുടെ വിദേശ നാണയ വിനിമയ നഷ്ടവും നേരിട്ടു. എച്ച്.പി.സി.എല്ലിന്റെ ചെലവുകൾ 25.9 ശതമാനം ഉയർന്നു. റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടാൽ മാത്രം കമ്പനികളുടെ ലാഭക്ഷമത കൂടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കമ്പനികളുടെ പ്രകടനം
ബി.പി.സി.എൽ എച്ച്.പി.സി.എൽ
അറ്റാദായം 4,993 കോടി രൂപ 3,483 കോടി രൂപ
അറ്റാദായത്തിലെ ഇടിവ് 22.5 ശതമാനം 9.1 ശതമാനം
വരുമാന വളർച്ച 29.8 ശതമാനം 26.2 ശതമാനം
റിഫൈനിംഗ് മാർജിൻ(ബാരലിന്) 32.53 ഡോളർ 32.15 ഡോളർ
പെട്രോൾ, ഡീസൽ വില ഉയർത്തിയേക്കും
രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 110 ഡോളറിന് മുകളിൽ തുടരുന്നതിനാൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ നേരിയ വർദ്ധന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. വില വർദ്ധനയ്ക്ക് കമ്പനികളുടെ സമ്മർദ്ദം ശക്തമാണെങ്കിലും നാണയപ്പെരുപ്പം കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം വൈകിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |