
റെക്കാഡുകൾ തകർത്ത് ജിയോ ഐ.പി.ഒ
കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ പുതിയ റെക്കാഡുകൾ സൃഷ്ടിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്ഫോംസിന്റെ ഐ.പി.ഒയ്ക്ക് ഇന്നലെ തുടക്കമായി. ഓഹരി വിൽപ്പനയിലൂടെ 30,213 കോടി രൂപ സമാഹരിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഐ.പി.ഒ ആദ്യ ദിവസം തുറന്ന് 100 മിനുട്ടിനുള്ളിൽ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. ഓഹരി വിൽപ്പനയുടെ വലുപ്പം, സബ്സ്ക്രിപ്ഷൻ വേഗത എന്നിവയിൽ മൂന്ന് റെക്കാഡുകളാണ് ജിയോ സ്വന്തമാക്കിയത്. 2024ൽ 27,870 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐ.പി.ഒയിൽ സമാഹരിച്ച തുകയാണ് ജിയോ മറികടന്നത്. ഓഹരിക്ക് 1,065 മുതൽ 1,119 രൂപ വരെയാണ് ജിയോയുടെ വിലപരിധി. ഉയർന്ന വിലയായ 1,119 രൂപ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ മൂല്യനിർണയം ഏകദേശം 10.3 ലക്ഷം കോടി രൂപയാണ്. ആകെ 27 കോടി ഓഹരികളാണ് പുതുതായി പുറത്തിറക്കുന്നത്. നിലവിലുള്ള നിക്ഷേപകർ ഓഹരികൾ വിൽക്കുന്ന ഓഫർ ഫോർ സെയിൽ(ഒ.എഫ്.എസ്) ഇതിലില്ല. സമാഹരിക്കുന്ന തുകയിൽ 27,500 കോടി രൂപ വായ്പ തിരിച്ചടക്കാൻ വിനിയോഗിക്കും.
ആവേശത്തോടെ ആങ്കർ നിക്ഷേപകർ
പൊതുവിൽപ്പനയ്ക്ക് മുമ്പുള്ള ആങ്കർ നിക്ഷേപ വിഹിതമായ 8,110 കോടി രൂപയ്ക്കായി 70 വൻകിടക്കാരിൽ നിന്ന് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ വാങ്ങൽ താത്പര്യം ലഭിച്ചു. ലഭ്യമായ വിഹിതത്തിന്റെ 30 ഇരട്ടിയിലധികമാണിത്. ആഗോള നിക്ഷേപ സ്ഥാപനങ്ങൾ, സോവറിൻ നിക്ഷേപ ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷ്വറൻസ് കമ്പനികൾ എന്നിവയെല്ലാം വിൽപ്പനയിൽ സജീവമായി. ഐ.പി.ഒ നാളെ സമാപിക്കും.
റിലയൻസ് ഓഹരി ഉടമകൾക്കും അവസരം
റിലയൻസ് ഇൻഡസ്ട്രീസിന്റെ അർഹരായ ഓഹരിയുടമകൾക്ക് ജിയോ ഓഹരികൾ നേടാൻ അവസരമുണ്ട്. ഇവർക്കായി 2,500 കോടി രൂപ മൂല്യമുള്ള ഓഹരികൾ സംവരണം ചെയ്തിട്ടുണ്ട്.
ആദ്യ ദിനത്തെ പ്രകടനം
ഓഹരികൾക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം
51.1 കോടി
അപേക്ഷകളുടെ മൂല്യം
90,500 കോടി രൂപ
പൂർണ സബ്സ്ക്രിപ്ഷന് എടുത്ത സമയം
100 മിനിറ്റ്
ആദ്യ ദിനം മൂന്നിരട്ടിയിലധികം അപേക്ഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |