
ന്യൂഡൽഹി: സൈബർ ആക്രമണത്തിൽ എസ്.ബി.ഐ ഉപഭോക്താക്കളുടെ വ്യക്തി വിവരം ചോർന്നു. 3,75,000 ഡാറ്റകളും 2,722 പി.ഡി.എഫ് ഫയലുകളും ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക് വെബിൽ കണ്ടെത്തി. പേര്, ജനനത്തീയതി, വിലാസം, ഇ-മെയിൽ, മൊബൈൽ നമ്പർ, ഉപഭോക്താക്കളുടെ മറ്റ് രഹസ്യ രേഖകൾ, വായ്പാ അപേക്ഷാ വിവരം, ബാങ്ക് ശാഖകളുടെ വിവരം എന്നിവയാണ് ചോർന്നത്. 3,897 പേരുടെ മൊബൈൽ നമ്പരുകളാണ് ചോർന്നത്. ഒക്ടോബർ 16നാണ് വിവരം വിവിധ ഏജൻസികൾ ബാങ്കിനെ അറിയിച്ചത്. ചോർച്ചയുടെ സ്വഭാവവും വ്യാപ്തിയും സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസി അന്വേഷിക്കും. സംഭവം ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എസ്.ബി.ഐ അറിയിച്ചു.
ഡാറ്റാ ചോർച്ച സംബന്ധിച്ച് ത്രെട്ട് ഇന്റലിജൻസ് സേവനദാതാവ്, പ്രതിരോധ സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നിവരിൽ നിന്ന് ഒക്ടോബർ 16ന് മുന്നറിയിപ്പ് ലഭിച്ചെന്ന് എസ്.ബി.ഐ അറിയിച്ചു. തുടർന്ന് സൈബർ സുരക്ഷാ വീഴ്ചകളോട് പ്രതികരിക്കുന്നതിനും ആഘാതം നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു. സമഗ്രമായ പരിശോധനയ്ക്ക് സെർട്ട് ഇൻ അംഗീകൃത സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ നിയോഗിച്ചു.
ഡാർക്ക് വെബിൽ ലഭ്യമായ 3.75 ലക്ഷം രേഖകൾ പ്രാഥമികമായി പരിശോധിച്ചപ്പോൾ 3,897 എണ്ണത്തിൽ ഉപഭോക്താക്കളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുണ്ടെന്ന് കണ്ടെത്തി. ഇവയിൽ മുഴുവൻ രേഖകളും ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങളുടെ ആധികാരികത, ചോർച്ചയുടെ ഉറവിടം, വ്യാപ്തി തുടങ്ങിയവയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വെല്ലുവിളി
വിവരങ്ങൾ ദുരുപയോഗം ചെയ്താൽ വ്യാജ ബാങ്ക് ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ, കെ.വൈ.സി പുതുക്കണമെന്ന പേരിലുള്ള തട്ടിപ്പുകൾ, വ്യാജ വായ്പാ വാഗ്ദാനങ്ങൾ, വ്യക്തിവിവരങ്ങൾ ചോർത്താനുള്ള സന്ദേശങ്ങൾ എന്നിവയ്ക്ക് വഴിയൊരുങ്ങാം. എന്നാൽ ഇതുവരെ ഇത്തരം തട്ടിപ്പുകൾ നടന്നതായി വിവരമില്ല.
ശ്രദ്ധിക്കേണ്ടത്
1. തിരിച്ചറിയാത്ത വായ്പകളോ അന്വേഷണങ്ങളോ ക്രെഡിറ്റ് റിപ്പോർട്ടിൽ ഉണ്ടോയെന്ന് പരിശോധിക്കുക
2. പരിചയമില്ലാത്ത വായ്പയോ ക്രെഡിറ്റ് അന്വേഷണങ്ങളോ റിപ്പോർട്ടിലുണ്ടെങ്കിൽ ബാങ്കിനെ അറിയിക്കുക
3. സംശയകരമായ വിളികൾ, സന്ദേശങ്ങൾ കെ.വൈ.സി പുതുക്കൽ നിർദ്ദേശങ്ങൾ തുടങ്ങിയവ സൂക്ഷിക്കുക
4. ഒ.ടി.പി, പിൻ എന്നിവ ആരുമായും പങ്കിടരുത്, അപരിചതർ പറയുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്
എച്ച്.ഡി.എഫ്.സി ബാങ്കിലും വിവരച്ചോർച്ച
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ രഹസ്യ ബിസിനസ് തന്ത്രങ്ങളും വിപണിയെ സ്വാധീനിക്കാവുന്ന വിവരങ്ങളും രണ്ട് ഉന്നത ഉദ്യോഗസ്ഥർ പുറത്തുള്ളവർക്ക് കൈമാറിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിലെ പ്രധാന ബിസിനസ് വിഭാഗങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരാണ് ആരോപണവിധേയർ. വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
വിവരങ്ങൾ ചോരുന്നതായി ബാങ്കിലെ ചില ഉന്നതർക്ക് സംശയം തോന്നിയതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിലെ കണ്ടെത്തലുകൾ മുതിർന്ന മാനേജ്മെന്റിനെയും ഡയറക്ടർ ബോർഡിലെ ചില അംഗങ്ങളെയും നേരത്തേ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകിയെങ്കിലും അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടില്ല. ആഭ്യന്തര പരിശോധന തുടരുകയാണെന്നും വസ്തുതകൾ വിലയിരുത്തിയശേഷം ഉചിതമായ നടപടിയെടുക്കുമെന്നും ബാങ്ക് വക്താവ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |