അവസാന ഓട്ടം ഇന്ന്
തൃശൂർ: പൂരാടം മഴയിൽ കുതിർന്നതോടെ ഓണവിപണിയിലെ കച്ചവടക്കാരുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റു. രാവിലെ മുതൽ ഇടവിട്ട് പെയ്ത മഴ നഗരത്തിലെ തിരക്കും കുറച്ചു. ഉത്രാടദിനത്തിലും മഴ മുന്നറിയിപ്പുള്ളത് കച്ചവടക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയാണ്.
തേക്കിൻകാട് മൈതാനിയിലെ വഴിയോര കച്ചവടക്കാർക്കും വടക്കുംനാഥ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിലെ പൂക്കച്ചവടക്കാർക്കും രാവിലെ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. മഴ ശക്തമായതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാക്കി.
അവസാന ഓട്ടപ്പാച്ചിൽ
തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളത്തിനുള്ള പൂക്കളും വാങ്ങാൻ മലയാളികൾ ഇന്ന് അവസാന ഓട്ടപ്പാച്ചിലിലാകും. മാവേലിയെ വരവേൽക്കാനുള്ള തൃക്കാക്കരയപ്പനും പൂക്കളും പോലെ നേന്ത്രക്കായയും ഉത്രാട വിപണിയിലെ പ്രധാന താരമാണ്. ക്ഷേത്രങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ കാഴ്ചക്കുല സമർപ്പണവും നടക്കും. ഗുരുവായൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, കൂടൽമാണിക്യം, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിൽ കാഴ്ചക്കുല സമർപ്പണമുണ്ടാകും. പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും പൊള്ളുന്ന വിലയാണ്.
പാലട ഒരുക്കം
തിരുവോണ സദ്യയ്ക്കുള്ള പാലട ഒരുക്കവും ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. ജില്ലയിൽ മാത്രം ലക്ഷക്കണക്കിന് ലിറ്റർ പാലടയാണ് തയ്യാറാക്കുന്നത്. മിൽമയ്ക്ക് പുറമേ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പാലും രാവിലെ മുതൽ എത്തിത്തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |