
കൊച്ചി: നോക്കിനിൽക്കെ മനോഹരമായി വിടരുകയും നിമിഷങ്ങൾക്കകം പൂർവസ്ഥിതിയിലേക്കു മടങ്ങുകയും ചെയ്യുന്ന അത്ഭുതപ്പൂക്കളം! കണ്ണും മനസും ഒരുപോലെ നിറയ്‌ക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ 'ഡിജിറ്റൽ പൂക്കളം". കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ആസ്ഥാനത്ത് പിറവിയെടുത്തതാണ് ഈ വിസ്മയം. സ്റ്റാർട്ടപ്പ് മിഷന് കീഴിലെ സൂപ്പർ ഫാബ് ലാബാണ് ബുദ്ധികേന്ദ്രം.
സൂപ്പർ ഫാബ് ലാബിലെ അഞ്ച് ക്രിയേറ്റർ റെസിഡൻസ് ഫെലോമാരായ ശ്രേയസ് ജോർജ്, നമിത അരവിന്ദ്, ഇള രാജീവ്, ആയിഷ ഫസലുൽ റഹിമാൻ, അഖിൽ ജി. ബാബു എന്നിവരുടെ ചിന്തയിലാണ് ഡിജിറ്റൽ പൂക്കളം ആദ്യം വിരിഞ്ഞത്. പ്ലൈവുഡ് കഷണത്തെ ലാബിലെ മെഷീനുകളിൽ ചെത്തിമിനുക്കിയെടുത്ത് കൃത്യതയാർന്ന ഡിസൈനുകൾ നൽകി. ലാബിലെ ജീവനക്കാരനായ ശ്രേയസ് ജോർജിന്റെ മേൽനോട്ടത്തിൽ പൂക്കളത്തിന്റെ ഓരോ ചലനവും സങ്കീർണ്ണമായ 'ഹോബർമാൻ മെക്കാനിസ"ത്തിൽ പാകപ്പെടുത്തി. പൂക്കളത്തിൽ യഥാർത്ഥ പൂക്കളും നിരത്തി.
20 ജീവനക്കാർ,
രണ്ടാഴ്ചത്തെ പരിശ്രമം
പൂക്കളം വിരിയുമ്പോഴും തിരിച്ചടയുമ്പോഴും ഒരു ഇതൾ പോലും ചിതറിപ്പോകാതിരിക്കാൻ, ചലിക്കുന്ന ഭാഗങ്ങളിൽ ഓരോ പൂവും ഒട്ടിച്ചുവച്ചു. 20ലധികം ജീവനക്കാരുടെ രണ്ടാഴ്ചത്തെ പരിശ്രമത്തിലാണ് പൂക്കളം പൂർണരൂപത്തിലായത്. കഴിഞ്ഞ വർഷം കറങ്ങുന്ന പൂക്കളമായിരുന്നു. ഇത്തവണ അത് കോളേജുകൾ ഏറ്റെടുത്തു. ലാബിന്റെ സഹായത്തോടെ പല ക്യാമ്പസുകളിലും കറങ്ങുന്ന പൂക്കളങ്ങൾ കൗതുകം തീർത്തു. ഇനി വിരിയുന്ന പൂക്കളത്തിന്റെ വിദ്യ ആർക്കും പരീക്ഷിച്ച് നോക്കാം. രഹസ്യം 'ഓപ്പൺ സോഴ്‌സ്' ആയി ലാബ് ലഭ്യമാക്കിയിട്ടുണ്ട്.
സൂപ്പർ ഫാബ് കേരളയുടെ അപാരമായ സാങ്കേതിക ശേഷിയും ആശയങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. അത് വിജയം കണ്ടതിന്റെ ആവേശത്തിലാണ്.
നേഹ സുരേഷ്
ക്രിയേറ്റർ റെസിഡൻസ് ഫെലോ ഹെഡ്
സൂപ്പർ ഫാബ് ലാബ്
ഹോബർമാൻ മെക്കാനിസം
സ്വന്തം ആകൃതി മാറാതെ വലുപ്പം മാത്രം കൂട്ടാനും കുറയ്‌ക്കാനും സാധിക്കുന്ന ലിങ്കേജ് സംവിധാനമാണ് ഹോബർമാൻ മെക്കാനിസം.അമേരിക്കൻ ആർക്കിടെക്ടും എൻജിനീയറുമായ ചക്ക് ഹോബർമാൻ വികസിപ്പിച്ചെടുത്തത്. കത്രികയ്‌ക്ക് സമാനമായ ഗിയറുകളിൽ മർദ്ദം നൽകിയാണ് പ്രവർത്തിപ്പിക്കുന്നത്. മെഡിക്കൽ സ്റ്റെന്റുകൾ, ഫോൾഡിംഗ് മേൽക്കൂരകൾ, ബഹിരാകാശ ആന്റിനകൾ തുടങ്ങിയവയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
ഡിജിറ്റൽ ദുനിയാവിലെ സൂപ്പർ ലാബ്
മനസിൽ പൂക്കുന്ന വേറിട്ട ആശയങ്ങളെ ഹാർഡ്‌വെയർ ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിൽ തരംഗമാക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള സഹായംനൽകുന്ന ഇടമാണ് സൂപ്പർ ഫാബ് ലാബ്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ സഹകരണത്തിൽ യു.എസിനു പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ വൻകിട ഫാബ് ലാബുകളിലൊന്നാണിത്. സങ്കീർണമായ വ്യവസായ ഉത്പന്നങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ നിർമ്മിച്ചെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |