SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.50 AM IST

ലീഗ് എം.എൽ.എമാരില്ലാത്തതിനാൽ ദുരന്തബാധിതരെ  സർക്കാർ കൈയൊഴിഞ്ഞു : അനൂപ് ആന്റണി

anoop

തിരുവല്ല : മുസ്ലിംലീഗിന് എം.എൽ.എമാരും സ്വാധീനവും ഇല്ലാത്തതുകൊണ്ടാണ് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കാലവർഷക്കെടുതി ബാധിതരെ യു.ഡി.എഫ് സർക്കാർ കൈയൊഴിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തരമായി ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഒരുരൂപ പോലും ലഭ്യമാക്കാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നൽകേണ്ട പതിനായിരം രൂപ പോലും സർക്കാർ നൽകിയിട്ടില്ല. ദുരിതബാധിതരുടെ ഓണക്കാലം ദുരിതപൂർണമാക്കിയതിന് ഉത്തരവാദി സർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളാണ്. സംസ്ഥാനത്ത് 27 മരണങ്ങളും 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേരുടെ ദുരിതബാധിത ജീവിതവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, 1,882 ഹെക്ടർ കൃഷിനാശവും 23,537 കർഷകരെ ബാധിച്ച നഷ്ടവും ഉൾപ്പെടെ 68 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. ദുരന്തബാധിതർക്ക് ഉടൻ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള ഒരു നടപടിയും ആരംഭിച്ചില്ല. ഓരോ കുടുംബത്തിലും രണ്ടുപേർക്ക് 300 രൂപ വീതം ഏഴ് ദിവസം നൽകുമെന്ന പ്രഖ്യാപനവും ജലരേഖയായി.
യു.ഡി.എഫ് സർക്കാരിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണ്. ലീഗിന് സ്വാധീനമുള്ള മേഖലകളിലും വിഷയങ്ങളിലും മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇക്കാരണത്താലാണ് മധ്യതിരുവിതാംകൂറിനെ സർക്കാർ അവഗണിക്കുന്നത്. ജനങ്ങളുടെ ദുരിതത്തിൽ പോലും രാഷ്ട്രീയ കണക്കുകൂട്ടലുകൾ മാനദണ്ഡമാകുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർവതും നഷ്ടപ്പെട്ട മനുഷ്യരോട് സർക്കാർ കരുണ കാണിക്കണം. ഔദ്യോഗിക നൂലാമാലകൾ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി വിതരണം ചെയ്യണം. ദുരന്തബാധിതരുടെ ഓണക്കാലം ദുരിതമാക്കിയ സർക്കാർ ഇനിയെങ്കിലും വാഗ്ദാനങ്ങൾ ഉപേക്ഷിച്ച് സഹായം ജനങ്ങളിലെത്തിക്കണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL