കോട്ടയം: സപ്ലൈക്കോ നെല്ല് സംഭരിച്ചതിന്റെ കുറച്ചു കുടിശിക തുക നൽകാൻ സർക്കാർ തയാറായെങ്കിലും ബാങ്കുകളുടെ കൺസോർഷ്യവുമായുള്ള ധാരണാപത്രം പുതുക്കാത്തതിനാൽ പണം ലഭിക്കാൻ ഇനിയും വൈകും. പി.ആർ.എസ് അടിസ്ഥാനത്തിൽ സർക്കാർ ഗ്യാരന്റിയിലാണ് ബാങ്കുകൾ കർഷകർക്ക് വായ്പയായി അക്കൗണ്ടിൽ പണം എത്തിക്കുന്നത്. എസ്.ബി.ഐ,കാനറാ ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈക്കോ പി.ആർ.എസ് വായ്പയുടെ ധാരണാപത്രം വീണ്ടും ഒപ്പുവെച്ചാലേ പണം വിതരണം ആരംഭിക്കാനാകൂ. കഴിഞ്ഞ മാർച്ച് 15 വരെ സംഭരിച്ച നെല്ലിന്റെ പണം മാത്രമാണ് നൽകിയത്. നൂറ് കോടി രൂപ സപ്ലൈക്കോ ബാങ്കുകൾക്ക് നൽകിയിരുന്നു. കരാർ പുതുക്കാതെ കർഷകരുടെ അക്കൗണ്ടിൽ പണം എത്തില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 104 കോടിയോളം രൂപ കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് നൽകാനുണ്ട്. കുട്ടനാട്ടിൽ ഇതിന്റെ ഇരട്ടി വരും. 100 കോടി രൂപ സപ്ലൈക്കോ നൽകിയാലും കുടിശികയുടെ നാലിലൊന്നുപോലുമാകില്ല.
വായ്പാപരിധി 1600 കോടി
പി.ആർ.എസ് വായ്പാപരിധി 1100 കോടിയിൽ നിന്ന് 1600 കോടിയായി സർക്കാർ ഉയർത്തിയിട്ടുണ്ട്. ബാങ്കുകളുടെ കൺസോർഷ്യം ഇത് അംഗീകരിച്ചാലും കുടിശികയുമായി തട്ടിച്ചു നോക്കിയാൽ കുറവാണ്. മേയ് 15 വരെ വെരിഫിക്കേഷൻ പൂർത്തിയാക്കിയ പി.ആർ.എസ് രസീതുകളിലെ നെല്ലിന്റെ വില നൽകുമെന്നാണ് സപ്ലൈക്കോ അധികൃതർ പറയുന്നത്. ബാക്കി എന്ന് നൽകുമെന്ന് പറയുന്നുമില്ല.
വീണ്ടും കടം വാങ്ങണം
അടുത്തകൃഷിക്കുള്ള നിലമൊരുക്കൽ പലയിടത്തും ആരംഭിച്ചു. കാലവർഷം ശക്തിപ്രാപിക്കും മുമ്പ് വിത പൂർത്തിയാക്കണം. വെള്ളപ്പൊക്കം ഭീഷണിയാണ്. നെല്ലിന്റെ പണം ലഭിച്ചാൽ മാത്രമേ പല കർഷകർക്കും വീണ്ടും കൃഷിയിറക്കാൻ കഴിയൂ. നിലം തരിശിടാൻ മനസ് അനുവദിക്കാത്തതിനാൽ പലരും കടം വാങ്ങി അടുത്തകൃഷിക്ക് തയാറെടുക്കുകയാണ്.
30 രൂപയാണ് ഒരു കിലോ നെല്ലിന് സർക്കാർ നൽകുന്നത്. വളത്തിന്റെ വില കൂടിയതും കൃഷി ചെലവ് വലിയതോതിൽ വർദ്ധിച്ചതും കണക്കിലെടുത്ത് കിലോയ്ക്ക് 35 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്ക് പിടിച്ചുനിൽക്കാനാകൂ. സർക്കാർ സഹായിക്കുന്നില്ലെങ്കിൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും.
മദൻലാൽ (നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |