കൊല്ലം: ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നതിനിടെ ചെള്ളുപനി (സ്ക്രബ് ടൈഫസ്) ബാധിച്ച് വൃദ്ധ മരിച്ചു. ശക്തികുളങ്ങര സ്വദേശിനിയായ 77കാരിയാണ് കഴിഞ്ഞ പത്തിന് ചികിത്സയിലിരിക്കെ മരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് ജില്ലയിൽ ചെള്ളുപനി മരണം റിപ്പോർട്ട് ചെയ്യുന്നത്.
പകർച്ചവ്യാധി വ്യാപനം തീവ്രമായതോടെ നിലവിൽ വിവിധ തരം പനികൾ ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം ജില്ലയിൽ 40 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
സ്ക്രബ് ടൈഫസ് മരണത്തിന് പുറമെ കുളത്തൂപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതിലൂടെ പകരുന്ന രോഗം ഒരാൾക്കാണ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്ക്
ഡെങ്കിപ്പനി: 40 പേർ
ചിക്കൻപോക്സ്: 23 പേർ
എലിപ്പനി: 13 പേർ
മലേറിയ: അലയമൺ പ്രദേശത്ത്
ചെള്ളുപനി?
ഒരിനം ചെറിയ ചെള്ളുകളുടെ കടിയിലൂടെ പകരുന്ന ബാക്ടീരിയൽ രോഗമാണ് സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി. എലി, പെരുച്ചാഴി തുടങ്ങിയ ജീവികളിലാണ് ചെള്ളുകൾ സാധാരണയായി കാണപ്പെടുന്നത്. പുല്ലും കാടും നിറഞ്ഞ പ്രദേശങ്ങളിൽ ഇടപഴകുന്നവർക്കാണ് രോഗസാദ്ധ്യത കൂടുതൽ.
ലക്ഷണം
കഠിനമായ പനിയും കുളിരും
കടുത്ത തലവേദന, പേശി വേദന
ചെള്ള് കടിച്ച ഭാഗത്ത് സിഗരറ്റ് പൊള്ളിച്ചതുപോലെ കറുത്ത നിറത്തിലുള്ള ചെറിയ വ്രണം
ചുമ, കണ്ണ് ചുവക്കൽ, ശരീരത്തിൽ തടിപ്പുകൾ
സ്വീകരിക്കേണ്ട മുൻകരുതൽ
വ്യക്തിശുചിത്വം: പുല്ലിലും കാട്ടിലും ജോലി ചെയ്യുന്നവർ കൈയും കാലും മൂടുന്ന വസ്ത്രങ്ങളും ബൂട്സും ധരിക്കുക.
പരിസരശുചിത്വം: വീടിന്റെ പരിസരങ്ങളിലുള്ള പുല്ലും കാടും വെട്ടിത്തെളിച്ച് വൃത്തിയാക്കുക. വീടിനകത്തും പുറത്തും എലി നശീകരണ മാർഗങ്ങൾ സ്വീകരിക്കുക.
ശ്രദ്ധിക്കേണ്ടത്: കാട്ടിലോ പുൽമേടുകളിലോ പോയി വന്നതിന് ശേഷം ശരീരം നന്നായി സോപ്പിട്ട് കഴുകണം. വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി വെയിലത്തിട്ട് ഉണക്കുക.
സ്വയംചികിത്സ അരുത്: പനി ബാധിച്ചാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറെ കാണണം. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |