
വ്യത്യസ്തനായി സമീർ ബിൻസി
കോഴിക്കോട്: എല്ലാറ്റിനെയും ഉൾക്കൊള്ളാൻ പഠിപ്പിച്ച യോഗീവര്യന്റെ കാവ്യങ്ങൾക്ക് സൂഫി സംഗീതത്തിലൂടെ ചാരുത പകരുകയാണ് ഗായകൻ സമീർ ബിൻസി. ആദ്യമായാണ് ഒരു സൂഫിഗായകൻ, ശ്രീനാരായണ ഗുരുവിന്റെ കാവ്യങ്ങൾ സംഗീതം പകർന്ന് വേദിയിൽ ആലപിക്കുന്നത്. സൂഫികളുടെയും യോഗിവര്യന്മാരുടെയും കാവ്യങ്ങൾ പാടുന്ന 'സേക്രഡ് എക്കോസ്' സോളോ പെർഫോർമൻസ് ഗുരുസമാധി ദിനത്തിൽ കോഴിക്കോട്ട് അരങ്ങേറിയപ്പോൾ, ഗുരുദേവ കൃതികളാണ് ആലപിച്ചത്. ദൈവദശകം, ആത്മോപദേശ ശതകം, അദ്വൈതദീപിക, ജാതി ലക്ഷണം, ബാഹുലേയാഷ്ടകം, പിണ്ഡനന്ദി തുടങ്ങിയവയിലെ തിരഞ്ഞെടുത്ത വരികളാണ് പാടിയത്. 23 വർഷമായി ഗുരു- സൂഫി കവിതകൾ ഇടകലർത്തി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഗുരുവിന്റേത് മാത്രമായി ആലപിച്ചത് അടുത്തിടെയാണ്.
സൂഫി കവികളുടെ ശ്ലോകങ്ങളുടെ സംഗീതാത്മകതയും ഗുരുകാവ്യങ്ങളും തമ്മിൽ ആത്മീയമായും തത്വചിന്താപരമായും ചേരുന്നതാണെന്ന് സമീർ പറഞ്ഞു. എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ് രണ്ടിന്റെയും ഉള്ളടക്കം. സൂഫികവി അബ്ദുൾ ഖാദർ ഇച്ച മസ്താന്റെ 'താലോലം പാടുന്ന തങ്കച്ചിപ്പെണ്ണ്' ആലപിക്കുമ്പോൾ, കുണ്ഡലിനി പാട്ടിലെ വരി പാടാറുണ്ട്. വീഡിയോകൾ 'ഗുരു മസ്താനീയം', 'താലോലം പാടുന്ന' എന്നീ പേരുകളിൽ യുട്യൂബിൽ വെെറലാണ്. ഇമാം മജ്ബൂർ, അക്ബർ എന്നിവരുമായി ചേർന്നുള്ള 'സോംഗ്സ് ഒഫ് സോൾ ആൻഡ് സോയിൽ' കേരളത്തിലെ പ്രധാനപ്പെട്ട സൂഫി ബാൻഡുകളിലൊന്നാണ്. മലപ്പുറം മേൽമുറി സ്വദേശിയാണ്. ഭാര്യ: ബീഗം ജാഷിദ. മക്കൾ: ഇശ്ഖ് റൂഹി, ശംസ് തബ് രേസി, റാസ് മിലൻ.
ഇച്ച മസ്താൻ-ഗുരു കൂടിക്കാഴ്ച
ഗുരുവും അബ്ദുൾ ഖാദർ ഇച്ച മസ്താനുമായി കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. ഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് മസ്താനെ സൂഫിസത്തിലേക്ക് തിരിച്ചുവിട്ടത്. 23 വർഷം മുൻപ് കലാമണ്ഡലത്തിൽ പാടുമ്പോൾ പെട്ടെന്ന് മനസിലേക്ക് ഗുരു കടന്നുവരികയായിരുന്നുവെന്ന് സമീർ പറയുന്നു. ഓർമ്മയിലുള്ള വരികൾ പാടി. അന്നു മുതലാണ് ഗുരു-സൂഫി കാവ്യങ്ങൾ ഇടകലർത്തി ആലപിച്ചുതുടങ്ങിയത്.
ചെറുപ്പം മുതൽ പാടുമായിരുന്നു. അലിഗഢിൽ എം.എയ്ക്ക് പഠിക്കുമ്പോഴാണ് സൂഫി സംഗീതവുമായി അടുത്തത്.
-സമീർ ബിൻസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |