SignIn
Kerala Kaumudi Online
Saturday, 26 September 2026 2.53 AM IST

അച്ഛന്റെ ആഗ്രഹത്തിനായി നഴ്സായ രമ്യ ഇനി ഡോക്ടർ

d

കോഴിക്കോട്: ഡോക്ടറാകാനുളള മോഹം 32-ാം വയസിൽ സഫലമാക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ വയനാട് കോട്ടത്തറ സ്വദേശി എം.സി രമ്യ.

നീറ്റ് പരീക്ഷയിൽ സ‌ർവീസ് കാറ്റഗറിയിൽ ഒന്നാംറാങ്കുകാരിയായ രമ്യയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചത്. 26ന് ക്ളാസ് തുടങ്ങും.

അച്ഛൻ ശ്രീനിവാസന്റെ ആഗ്രഹം നഴ്സാക്കണമെന്നായിരുന്നു. പക്ഷേ ഡോക്ടറാവണമെന്നായിരുന്നു രമ്യയുടെ മോഹം. പിണങ്ങോട് ഡബ്ല്യു.എച്ച്.എസ്എസിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ എൻട്രൻസ് പരിശീലനത്തിന് അവസരം ലഭിച്ചിരുന്നു. സാമ്പത്തികപ്രയാസം പഠനം തുടരാൻ തടസമായി. പിന്നീട് ബി.എസ്.സി നഴ്സ‌ിംഗിന് ചേർന്നു. ഡൽഹി എയിംസിൽ ജോലി കിട്ടി. പി.എസ്.സി പരീക്ഷയെഴുതി 2020-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിംഗ്ഓഫീസറായി. കൊവിഡ് സമയമായിരുന്നു അത്. ഡോക്ടർമാരുടെ ഉത്തരവാദിത്തം നേരിൽ കണ്ട രമ്യയുടെ മനസിൽ വർഷങ്ങൾക്കുമുമ്പ് ഒതുക്കിവച്ചിരുന്ന ആഗ്രഹം തലപൊക്കി. 2020ൽ തയ്യാറെടുപ്പുകളൊന്നുമില്ലാതെ നീറ്റ് പരീക്ഷയെഴുതിയെങ്കിലും ജയിച്ചില്ല. മെഡിക്കൽ കോളേജിലെ ഡ്യൂട്ടി ക്രമീകരിച്ച് പഠനത്തിന് സമയം കണ്ടെത്തി. പലപ്പോഴും കുഞ്ഞിനെ മടിയിലിരുത്തിയായിരുന്നു പഠനം. ഒടുവിൽ വിജയിച്ചു. ഈ വിജയം കാണാൻ അച്ഛനില്ലല്ലോ എന്ന സങ്കടമുണ്ട് രമ്യയ്ക്ക്. ഭർത്താവ്: ബാലുശ്ശേരി ഇയ്യാട് കാവിൽ പ്രജീഷ്. മൂന്നുവയസുകാരൻ ശിവദത്ത് മകനാണ്.

''കഠിനമായി പരിശ്രമിച്ചിരുന്നു. കുഞ്ഞുനാളിലേ മനസിൽ കൊണ്ടുനടന്ന സ്വപ്നമാണ് സഫലമാകുന്നത്''

-എം.സി രമ്യ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA