
ബംഗളൂരു: എസ്.എൻ.ഡി.പി യോഗം നേതൃക്യാമ്പിന് ബംഗളൂരുവിൽ ആവേശോജ്ജ്വല തുടക്കം. കേരളത്തിനകത്തും പുറത്തുമുള്ള യോഗം കൗൺസിൽ അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വിവിധ യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ തുടങ്ങി 700 പേരാണ് ബംഗളൂരു ഫോർച്യൂൺ ഹോട്ടലിൽ നടക്കുന്ന ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇന്നലെ വൈകിട്ട് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
സംഘടനയുടെ ഭാവിപ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, സാമൂഹികമുന്നേറ്റം ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടക്കും. പ്രധാനപ്പെട്ട തീരുമാനങ്ങളും കൈക്കൊള്ളും.
ബി.ബി.ഗോപകുമാറിനെ ആദരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എയെ ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. നേതൃയോഗത്തിലെ പ്രതിനിധി കൂടിയാണ് ഗോപകുമാർ.
മതം പറഞ്ഞവർ മന്ത്രിമാരായി;
മതേതരത്വം പറഞ്ഞവർ
പുറത്തും: വെള്ളാപ്പള്ളി
ബംഗളൂരു: മതം പറയുന്നവർ മന്ത്രിമാരാവുകയും, മതേതരത്വം പറയുന്നവർ വർഗീയവാദികളാവുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം നേതൃയോഗം ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലർ മതം പറഞ്ഞാൽ മതേതരത്വവും എസ്.എൻ.ഡി.പി യോഗം പറഞ്ഞാൽ വർഗീയവുമാകുന്ന ഇരട്ടത്താപ്പ് അംഗീകരിക്കുന്ന പ്രശ്നമില്ല. ആരുടെയും അവകാശം കവർന്നെടുക്കാൻ വന്നവരല്ല നമ്മൾ. ഭരണഘടനയും നിയമവും ഉറപ്പു നൽകുന്ന അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയാണെങ്കിൽ അതിനിയും തുടരും.
യോഗവും താനും രാവും പകലും വിമർശിക്കപ്പെടുന്നത് യോഗം അവഗണിക്കാനാകാത്ത ശക്തിയായതിനാലാണ്. ഒരു കാലത്ത് യോഗത്തെക്കുറിച്ച് മിണ്ടാൻ പോലും ആർക്കും സമയമുണ്ടായിരുന്നില്ല. രാഷ്ട്രീയ ലാഭത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും വേണ്ടിയാണ് ചിലർ യോഗത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. യോഗം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആത്മാഭിമാനത്തിന്റെ പോരാട്ട പ്രസ്ഥാനമാണ്. 4.5 കോടിയുടെ ആസ്തിയിൽ നിന്ന് 339 കോടിയുടെ ആസ്തിയിലേക്ക് യോഗം വളർന്നത് മുപ്പത് വർഷത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ്. പ്രവർത്തകരുടെ വിയർപ്പിന്റെ വിലയാണിത്. ഈ വളർച്ച കണ്ടാണ് ചിലർ അസ്വസ്ഥരാകുന്നത്.
യോഗം അനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നേറിയത്. ആർ. ശങ്കറിനു
ശേഷം സർക്കാർ തലത്തിൽ യോഗത്തിനും, മറ്റു സമുദായ സംഘടനകൾക്കും എന്തൊക്കെ ലഭിച്ചെന്ന് കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണം. വസ്തുതകൾ പുറത്തു വരുമ്പോൾ ആരാണ് അവഗണിക്കപ്പെട്ടതെന്നും ആരാണ് നേടിയതെന്നും മനസിലാകും.താൻ
ജീവിക്കുന്നതിന്റെയും,പ്രവർത്തിക്കുന്നതിന്റെയും ഊർജം ഈ സംഘടനയും പ്രവർത്തകരുമാണ്.സംഘടനാ നേതാക്കൾ സൗഹാർദ്ദത്തോടെ ഇടപെടണം.നേതൃത്വം പദവി മാത്രമല്ല, ഉത്തരവാദിത്വവുമാണ്. യൂണിയനുകളും ശാഖകളും കൂടുതൽ സജീവമാകണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്ത നേതൃത്വം സംഘടനയ്ക്ക് കരുത്താകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംവരണം
അട്ടിമറിക്കാൻ
ശ്രമം: തുഷാർ
ബംഗളൂരു: ഭരണഘടന ഉറപ്പു നൽകുന്ന ജാതിസംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സംവരണം കൊണ്ടുവന്നത് സദുദ്ദേശ്യത്തോടെയല്ല. ആർ. ശങ്കറിന്റെ ഭരണ കാലത്തിനു ശേഷം ഈഴവ സമുദായത്തിന് അർഹമായ വിദ്യാലയങ്ങളൊന്നും ലഭിച്ചില്ല. ന്യൂനപക്ഷ മന്ത്രിമാർ സ്വസമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി കൊടുത്തു. ജാതിയുടെ പേരിൽത്തന്നെയാണ് സ്വന്തം പാർട്ടിക്കാർ ശങ്കറെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. പുതിയ പ്രീണന രാഷ്ട്രീയ വ്യവസ്ഥയിൽ മാറ്റം വേണം. യോഗം നേതാക്കൾ ജാതി പറയുന്നത് സാമൂഹ്യ നീതിക്ക് വേണ്ടിയാണ്. ജാതി ചിന്ത ഏറ്റവും വർദ്ധിച്ചുനിൽക്കുന്ന കാലഘട്ടമാണിത്, ജനസംഖ്യാനുപാതികമായി അവകാശങ്ങൾ നേടിയെടുക്കാൻ ഈഴവർ ഒന്നാകണം. ജനിച്ചമ ണ്ണിൽ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക, തൊഴിൽ നീതിക്കു വേണ്ടി ഇന്നും നമ്മൾ പോരാടുകയാണ്. അധികാരം കെപ്പിടിയിലൊതുക്കിയവർ സ്വന്തം ജാതി, മത താത്പര്യങ്ങൾ മാത്രമാണ് സംരക്ഷിച്ചതെന്നും തുഷാർ വെള്ളാപ്പളളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |