
ചങ്ങനാശേരി : ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന എൻ.എസ്.എസിന്റെ ബഡ്ജറ്റ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചു. 175 കോടി രൂപയുടെ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്നു.എൻ.എസ്.എസ് പുവർ എയ്ഡ് ഫണ്ടിൽ നിന്ന് വ്യക്തികൾക്ക് നൽകുന്ന ധനസഹായം തുടരും. വിവിധ ആശുപത്രികളിലെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങും. ഇൻഷ്വറൻസ് കമ്പനികളിൽ എൻ.എസ്.എസ് ആശുപത്രികൾ എം പാനൽ ചെയ്യും.
എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുമെടുക്കും. പുതിയ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വസ്തുക്കളുടെ സംരക്ഷണത്തിന് ചുറ്റുമതിലുകൾ നിർമ്മിക്കൽ എന്നിവയ്ക്കും ബഡ്ജറ്റിൽ പ്രാധാന്യം നൽകുന്നു.20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ഹെഡ് ഓഫീസ് ബ്ലോക്കിന്റെ നിർമ്മാണം നടന്നുവരുന്നതും പരാമർശിക്കുന്നുണ്ട്. യോഗത്തിൽ എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അദ്ധ്യക്ഷനായിരുന്നു.
അതേസമയം ജി. സുകുമാരൻ നായർ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായി ഐകകണ്ഠ്യേന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് ജനറൽ സെക്രട്ടറിയാകുന്നത്. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2011 ജൂൺ 25നാണ്. അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ട്രഷററായി അഡ്വ. എൻ.വി. അയ്യപ്പൻപിള്ളയെയും വൈസ് പ്രസിഡന്റായി എം. സംഗീത്കുമാറിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |