SignIn
Kerala Kaumudi Online
Thursday, 30 July 2026 5.14 AM IST

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ പ്രതിയായി ഡോ. റാം തെളിവെടുപ്പിന്

1

കണ്ണൂർ: പഠിപ്പിച്ച അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഇന്നലെ ഡോ. എം.കെ റാം എത്തിയത് നിതിൻരാജ് ആത്മഹത്യാകേസിൽ ഒന്നാം പ്രതിയായി തെളിവെടുപ്പിന്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഡോ.റാമുമായി കോളേജിലെത്തിയത്. ഡിവൈ.എസ്.പി. ജീവൻ ജോർജിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. നിതിൻ രാജും പ്രതിയും അവസാനമായി കണ്ടുമുട്ടിയ പ്രിൻസിപ്പലിന്റെ മുറിയിലാണ് പ്രധാനമായും തെളിവെടുപ്പ് നടത്തിയത്. ഏപ്രിൽ 10ന് ഈ മുറിയിൽ നിന്ന് ഇറങ്ങിയ ശേഷമാണ് നിതിൻ ജീവനൊടുക്കിയത്. അന്ന് പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്നാണ് ഡോ.റാമിന്റെ നിലപാട്. മാർച്ച് 13നാണ് നിതിനെ അവസാനമായി കണ്ടതെന്നാണ് റാമിന്റെ മൊഴി. മരണത്തിന് 28 ദിവസം മുൻപ്.

നിതിൻ ചാടിയ കെട്ടിടത്തിന്റെ മുകൾഭാഗവും വീണ സ്ഥലവും പരിശോധിച്ചു. റാമിന്റെ ഉടമസ്ഥതയിലുള്ള ചിറക്കുനി, എടക്കാട് ക്ലിനിക്കുകളിലും തെളിവെടുപ്പ് നടത്തി. ജാതീയമായി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ആവർത്തിച്ചു. പരീക്ഷയിൽ മാർക്ക് കുറഞ്ഞ നിതിൻ ഉൾപ്പെടെ നാല് വിദ്യാർത്ഥികളെ, സ്വന്തം മക്കളെയെന്നപോലെ ഭാവി കരുതി ശാസിച്ചതാണെന്നും അതാണ് തനിക്കെതിരെ മൊഴി നൽകാൻ കാരണമെന്നും പൊട്ടിക്കരഞ്ഞ് വിശദീകരിച്ചു.


'ആ കോളേജിലേക്ക് കൊണ്ടുപോകരുത്'

കോളേജിന്റെ ആരംഭം മുതൽ അദ്ധ്യാപകനും പത്തോളജി വിഭാഗം മേധാവിയുമായിരുന്ന റാമിന് ഈ സ്ഥാപനവുമായി ആഴത്തിലുള്ള വൈകാരികബന്ധമുണ്ട്. കസ്റ്റഡിയിൽ എടുത്തതു മുതൽ കോളേജിലേക്ക് കൊണ്ടുപോകരുതെന്നും അത് സഹിക്കാനാവില്ലെന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ തെളിവെടുപ്പ് അനിവാര്യമായിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണം ഒരുക്കിയിരുന്നു. വിദ്യാർത്ഥികൾ ദൂരെനിന്ന് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. മടങ്ങുന്നതിനിടെ ചില വിദ്യാർത്ഥികൾ സോറി സാർ എന്നു പറഞ്ഞ് വാഹനത്തിന് അടുത്തെത്തി.


കൂടുതൽ പ്രതികളോ?


റാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ഇന്നു പ്രത്യേകയോഗം ചേരുമെന്നാണ് വിവരം. ലഭിച്ച തെളിവുകൾ വിലയിരുത്തി, കൂടുതൽ ആളുകളെ പ്രതി ചേർക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. നിലവിൽ ഡോ. എം.കെ.റാമും ഡോ. സംഗീത നമ്പ്യാരും മാത്രമാണ് പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA