SignIn
Kerala Kaumudi Online
Monday, 15 June 2026 9.30 PM IST

യാത്രാ സൗജന്യം സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ക്ക് ലഭ്യമല്ല; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസി

ksrtc

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി വിഭാഗം ബസുകള്‍ക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ചില വാര്‍ത്താ മാധ്യമങ്ങളിലൂടെയും നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകളിലും വ്യക്തതയോടെ നിലവിലുണ്ട്. തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും ജില്ലയിലാകെ 687 ഓര്‍ഡിനറി ബസുകളുമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. സിറ്റി ഫാസ്റ്റ് ബസുകള്‍ക്ക് താരതമ്യേന സ്റ്റോപ്പുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും.

സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ലെന്ന കാര്യം യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിയദര്‍ശിനി പദ്ധതിയില്‍ ഉള്‍പ്പെട്ട ഓര്‍ഡിനറി ബസുകളുടെയും ഉള്‍പ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും മുന്‍വശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പുറമേ സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ വ്യാപകമായി സര്‍വീസ് നടത്തുന്നത്. 2022 ഏപ്രില്‍ 30-ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ക്ക് 12 രൂപയാണ് കുറഞ്ഞ നിരക്ക്. കിലോമീറ്ററിന് 1.03 രൂപയും ഈടാക്കും. എന്നാല്‍, സിറ്റി ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമാണ്. സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ പ്രത്യേക നിരക്കും ക്ലാസുമുള്ളതിനാല്‍ ഓര്‍ഡിനറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല.

പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ തിരുവനന്തപുരം നഗരത്തിലെ ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ സംബന്ധിച്ച് വിശദമായ സര്‍വേയും കണക്കെടുപ്പുകളും മുന്‍കൂട്ടി നടത്തിയിരുന്നു. ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോര്‍ഡുകള്‍ക്ക് പുറമേ ബസുകളുടെ ബോഡിയിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA